ന്യൂഡൽഹി > നാഗാലാൻഡിലെ കൂട്ടക്കുരുതിക്ക് പിന്നാലെ സായുധസേന പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്സ്പ) പ്രതിഷേധം ശക്തമായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിനുള്ള പ്രത്യേക അധികാരം ‘കൊല്ലാനുള്ള ലൈസൻസ്’ ആയിമാറി. സംശയത്തിന്റെ പേരിൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കീഴടങ്ങാത്തവരെ വെടിവയ്ക്കാനും അഫ്സ്പ സൈനികർക്ക് അധികാരം നൽകി. അസം, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശിലെ മൂന്ന് ജില്ല, അസം–- അരുണാചൽ അതിർത്തിയിലെ എട്ട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് അഫ്സ്പ പ്രാബല്യത്തിലുള്ളത്.
അഫ്സ്പയിലെ നാലാം വകുപ്പ് -‘അഞ്ചോ അതിലധികമോ ആളുകൾ നിരോധനാജ്ഞ ലംഘിച്ച് ഒത്തുകൂടിയാലോ അസ്വസ്ഥതയുള്ള മേഖലകളിൽ ആളുകൾ ആയുധങ്ങളുമായി സംഘടിച്ചാലോ ബലം പ്രയോഗിക്കാനും വെടിയുതിർക്കാനും അധികാരം’ നൽകുന്നു. ആറാം വകുപ്പ് –-‘അഫ്സ്പ പ്രകാരമുള്ള അധികാരം ഉപയോഗിച്ചതിന്റെ പേരിൽ വിചാരണയോ നിയമനടപടിയോ തുടങ്ങാൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുവാദം വേണം’ എന്ന് വ്യവസ്ഥ ചെയ്യുന്നു. അതായത്, സംശയത്തിന്റെ പേരിൽ ആരേയും വെടിവച്ച് കൊന്നശേഷം വിചാരണയിൽനിന്ന് രക്ഷപ്പെടാനുള്ള സാധ്യത അഫ്സ്പയിലുണ്ട്.
2004ൽ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത യുവതി കൊല്ലപ്പെട്ടു. തുടർന്ന് ജസ്റ്റിസ് ബി പി ജീവൻ റെഡ്ഡിയെ അധ്യക്ഷനാക്കി കേന്ദ്രം രൂപീകരിച്ച സമിതി അഫ്സ്പ പിൻവലിക്കാന്‍ ശുപാർശ നൽകി. എന്നാൽ, സമിതി റിപ്പോർട്ട് പുറത്തുവിട്ടില്ല.
അഫ്സ്പയ്ക്കെതിരെ മണിപ്പുരിൽ ഇറോം ചാനു ശർമിള 16 വർഷം നീണ്ട നിരാഹാര സമരം നടത്തിയത് വലിയ ചർച്ചയായി. 10 വർഷത്തിനിടെ മണിപ്പുരിൽ 1528 വ്യാജ ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് കണക്ക്.