മുംബൈ > മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളില്‍ സംഘപരിവാര്‍ ആക്രമണം. വിദീഷയിലെ സെന്റ് ജോസഫ് സ്കൂളിനു നേരെയാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘം അക്രമം അഴിച്ചുവിട്ടത്. കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. സ്കൂളിലെ ജനല്‍ചില്ലുകളും ഉപകരണങ്ങളുമെല്ലാം അക്രമിസംഘം തകര്‍ത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം.
സ്കൂളിലെ എട്ട് വിദ്യാര്‍ഥികളെ മാനേജ്മെന്റ് മതപരിവര്‍ത്തനം നടത്തിയെന്ന് സോഷ്യല്‍ മീഡിയവഴി പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ ആര്‍എസ്എസ്- ബജ്രംഗ്ദള് ആക്രമണം ഉണ്ടാകുമെന്ന് ഭീഷണിയുമുണ്ടായി. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മതപരിവര്‍ത്തനം ഉണ്ടായെന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്കൂള്‍ മാനേജര്‍ ആന്റണി അറിയിച്ചു. ഇത്തരത്തിലുള്ള ഒരു പരാതിയും സ്കൂളിലെ വിദ്യാര്‍ഥികളാരും ഉന്നയിച്ചിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.