കഴിഞ്ഞ മേയിലാണ് ടെലിവിഷന് വേണ്ടിയുള്ള ആൻഡ്രോയിഡ് 12 ഓഎസിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കിയത്. ജൂലായിൽ മൂന്നാമത്തെ ബീറ്റാ അപ്ഡേറ്റും അവതരിപ്പിച്ചു. ഇപ്പോഴിതാ ടെലിവിഷന് വേണ്ടിയുള്ള ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അന്തിമ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സുരക്ഷ, സ്വകാര്യത, ഭംഗി, ഫ്രെയിംറേറ്റ് എന്നിവയിൽ നിരവധി പരിഷ്കാരങ്ങളുമയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
ക്രോസ് വ്യൂവിങ്, കാസ്റ്റിങ് സ്ക്രീൻ ഉൾപ്പടെയുള്ള സ്മാർട് ഫീച്ചറുകൾ ഉപയോഗിക്കുന്നത് പുതിയ അപ്ഡേറ്റിലൂടെ കൂടുതൽ ലളിതമാവും. സ്വകാര്യത ലംഘനം, നിരീക്ഷണം, തട്ടിപ്പുകൾ എന്നിവയെ തടയാനുള്ള എളുപ്പവഴികളും ഇതിൽ ഒരുക്കിയിരിക്കുന്നു.
ടിവിയിലെ ക്യാമറയും മൈക്രോഫോണും പ്രവർത്തിക്കുന്നതിന് മനസിലാക്കുന്നതിനുള്ള ഇൻഡികേറ്ററുകളും ആൻഡ്രോയിഡ് 12 കൊണ്ടുവന്നിട്ടുണ്ട്. ആപ്പുകൾ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുമ്പോൾ ടിവി സ്ക്രീനിൽ അത് സംബന്ധിച്ച അടയാളം കാണാം. പ്രൈവസി സെറ്റിങ്സിൽ മൈക്രോഫോണും, ക്യാമറയും ഉപയോഗിച്ച ആപ്പുകളുടെ പട്ടികയും കാണാനാകും. ക്യാമറയും മൈക്കും ഉപയോഗിക്കുന്നത് ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവുമുണ്ട്.
പുതിയ മാച്ച് കണ്ടന്റ് ഫ്രെയിം റേറ്റ് ഫീച്ചറിലൂടെ ടിവിയിൽ കൂടുതൽ സുഗമമായ ദൃശ്യങ്ങൾ കാണാൻ സാധിക്കും. യൂസർ ഇന്റർഫെയ്സിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിലൊന്നാണ് 4കെ റസലൂഷൻ. ടിവി തുറക്കുമ്പോൾ കാണുന്ന സ്ക്രീൻ 4കെ റസലൂഷനിൽ കാണാൻ സാധിക്കുന്ന സംവിധാനമാണിത്. അനുയോജ്യമായ ടിവികളിലാണ് ഇത് സാധിക്കുക. കൂടാതെ ദൃശ്യഭംഗി വർധിപ്പിക്കുന്നതിന് ബാക്ക് ഗ്രൗണ്ട് ബ്ലർ ഓപ്ഷനുകളും ലഭ്യമാണ്.
Content Highlights: google started rolling out android 12 os for TVs