ദുബായ് > കേരളത്തിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുഎഇയുടെ അമ്പതാം ദേശീയ ദിനാഘോഷം മലയാളികളുടേയും ആഘോഷമാണെന്ന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. സീ ഷെല്‍സ് ഇവന്റ്സ് സംഘടിപ്പിച്ച RAVOS ഇന്‍ഡോ അറബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് അല്‍ നസര്‍ ലഷര്ലാന്റിലായിരുന്നു പരിപാടി. കോവിഡ് ഭീതി നീരിയ ശേഷം മലയാളികള്‍ ഇങ്ങനെ ഒത്തുകൂടുന്നത് ഇത് ആദ്യമായാണ്. പ്രവാസി കലാകാരന്മാര് അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് ഫെസ്റ്റിന് തുടക്കമായത്. മെഗാ ശിങ്കാരിമേളം, കോല്‍ക്കളി, ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാന്‍സ് തുടങ്ങി ഇന്ത്യയുടെയും യുഎഇയുടെയും കലാ സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു ഫെസ്റ്റ്. പിന്നണി ഗായിക സിത്താരയുടെ പ്രൊജക്ട് മലബാറിക്കസ് എന്ന മ്യൂസിക്ക് ബാന്റ് ഒരുക്കിയ സംഗീത രാവും കരഘോഷങ്ങളോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തത്.
ഉദ്ഘാടന ചടങ്ങില്‍ ഫെസ്റ്റിന്റെ പ്രായോജകര്‍ക്കുള്ള ഉപഹാരങ്ങള്‍ ജോണ്‍ ബ്രിട്ടാസ് കൈമാറി . ലോക കേരള സഭ അംഗം എന്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലേബര്‍ കോണ്‍സുല്‍ ജനെറല്‍ സഞ്ജയ് ഗുപ്ത ഫെസ്റ്റിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു . കോവിഡ് കാലത്ത് പ്രവാസി കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അന്‍വര്‍ ഷാഹി , സുജിത സുബ്രു എന്നിവരും സംസാരിച്ചു.