വൈപ്പിൻ: അയൽവാസിയായ യുവാവിനെതിരേ പോലീസിൽ പരാതി നൽകിയ യുവതി ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ്മരിച്ചതിന് പിന്നാലെ മകനും മരിച്ചു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയിൽ സിന്ധുവും മകൻ അതുലുമാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദിലീപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീടിനുള്ളിൽനിന്ന് പുക ഉയരുന്നതുകണ്ട ബന്ധുക്കളും പരിസരവാസികളും ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സിന്ധുവിനെ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മകൻ അതുൽതിങ്കളാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആറിനാണ് ഇവരുടെ മുറിയിൽ തീപടർന്നത്. പരേതനായ സാജുവിന്റെ ഭാര്യയായ സിന്ധു എറണാകുളം ലൂർദ് ആശുപത്രി ജീവനക്കാരിയാണ്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സമീപവാസിയാണ് ഇതു ചെയ്തത് എന്ന നിലയിൽ സിന്ധു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ സി.ഐ. രാജൻ കെ. അരമന, എസ്.ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന തീപ്പെട്ടി മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
മൂന്നുദിവസം മുൻപ് യുവാവിനെതിരേ പരാതി നൽകി
അയൽവാസിയായ യുവാവ് തന്നെ സ്ഥിരമായി ശല്യംചെയ്യുന്നുവെന്ന സിന്ധുവിന്റെ പരാതിയിൽ യുവാവിനെതിരേ ഞാറയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇതേ യുവാവിന്റെ പേര് സിന്ധു പറഞ്ഞത് സംശയത്തിന് ഇടനൽകിയിട്ടുണ്ട്. സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടി ഉണ്ടായതായും സൂചനയുണ്ട്.
ഞായറാഴ്ച വീട്ടിൽ അറ്റകുറ്റപ്പണികൾക്കായി പണിക്കാരെ ഏർപ്പാട് ചെയ്യുകയും അവർക്ക് ഭക്ഷണം നൽകാൻ ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരിക്കുന്നതിനാൽ ആത്മഹത്യയ്ക്ക് സാധ്യതയില്ലെന്ന് സിന്ധുവിന്റെ പിതാവ് ചാലാവീട്ടിൽ ജോയി പറയുന്നു.
Content Highlights:mother and son died in mysterious suicide at ernakulam