പട്ന
ഭൂമാഫിയക്കെതിരായ പോരാട്ടങ്ങൾക്കിടെ രക്തസാക്ഷിത്വം വരിച്ച ബിഹാറിലെ സിപിഐ എം ഖഗാറിയ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന ജഗദീഷ് ചന്ദ്രബസുവിന്റെ മകൾ ആകാംക്ഷ ബസു (21) ഇനി മേഗൂന പഞ്ചായത്ത് പ്രസിഡന്റ്. 2806 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാർഥിയായ ആകാംക്ഷയുടെ വിജയം. അലൗലി ബ്ലോക്കിലെ മേഗൂന പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ആകാംക്ഷ ഖഗാറിയ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമാണ്. 2000 മുതൽ 2005 വരെ ഇതേ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു ജഗദീഷ് ചന്ദ്രബസു.
2020 ഏപ്രിൽ 11ന് ലോക്ഡൗൺ സമയത്താണ് ജഗദീഷ് ചന്ദ്രബസുവിനെ അക്രമികൾ വെടിവച്ചുകൊന്നത്. കോവിഡ് ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. അച്ഛന്റെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും ഭൂമാഫിയക്കെതിരെ പോരാട്ടം തുടരുമെന്നും ആകാംക്ഷ പറഞ്ഞു.