കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആനക്കുന്നത് റഷീദ് ആണ് മരിച്ചത്. ഒക്ടോബർ ആറിന് താമരശ്ശേരിയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് കുടുംബവുമായി സഞ്ചരിക്കുമ്പോഴാണ് റഷീദിന് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ്റഷീദ് മരിച്ചത്.
കട്ടിപ്പാറയ്ക്ക് അടുത്തുവെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് ഇയാൾക്കൊപ്പം മകളും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ഇവർക്കും സാരമായി പരിക്കേറ്റിരുന്നു. റഷീദിന് തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്.
അതേസമയം ഇടിച്ച വാഹനത്തിൽ കാട്ടുപന്നിയുടെ രോമങ്ങൾ കണ്ടെത്തിയില്ലെന്നും പന്നി ഇടിച്ചിട്ടില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാട്.
പരിക്കേറ്റ അന്ന് മുതൽ റഷീദ് ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കൽ ഈ മാസം 11 മുതൽ കർഷകർ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് റഷീദ് മരിച്ചത്.
Content Highlights: man died in kozhikode after wild bore attack