ബിഎസ്എൻഎലിന്റെ പ്രീപെയ്‌ഡ് വരിക്കാരുടെ എണ്ണത്തിൽ താമസിയാതെ വർധനവുണ്ടായേക്കും. സ്വകാര്യ ടെലികോം സേവനദാതാക്കൾ പ്രീപെയ്‌ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച സാഹചര്യമാണ് ഇതിനുള്ള പ്രധാന കാരണം. 20 മുതൽ 25 ശതമാനം വരെയാണ് വർധനവുള്ളത്. എന്നാൽ ഈ കമ്പനികൾ നൽകുന്ന പ്ലാനുകളേക്കാൾ എത്രയോ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്‌ഡ് പ്ലാനുകൾ നല്കുന്നത്. എങ്കിലും മറ്റ് കമ്പനികളെ പോലെ ഇന്ത്യയിൽ ആകമാനം ബിഎസ്എൻഎൽ 4ജി നൽകുന്നില്ല.
ഡ്യുവൽ സിം സംരക്ഷിക്കാനുള്ള പെടാപാട്
ഫോണിൽ രണ്ട് സിംകാർഡുകൾ ഉപയോഗിക്കുന്നവരെയാണ് സ്വകാര്യ കമ്പനികളുടെ വിലവർധന സാരമായി ബാധിക്കുക. എയർടെലും ജിയോയും വോഡഫോൺ ഐഡിയ കമ്പനികളുടെ സിം കണക്ഷനുകൾ ഡ്യുവൽ സിം ഫോണുകളിൽ ഉപയോഗിക്കുമ്പോൾ ഒരാൾക്ക് 300 ൽ ഏറെ രൂപ ചെലവുണ്ട്.
4ജി ഇല്ലാത്തതും പലപ്പോഴും റേഞ്ച് ലഭിക്കാത്തതും മോശം കസ്റ്റമർ കെയർ സേവനവുമെല്ലാമാണ് ബിഎസ്എൻഎലിൽ നിന്ന് ഉപഭോക്താക്കളെ സാധാരണ അകറ്റിനിർത്തുന്ന ഘടകങ്ങൾ.
എന്നാൽ നിരക്ക് വർധനയുണ്ടായ സാഹചര്യത്തിൽ ബിഎസ്എൻഎലിലെ കുറഞ്ഞ നിരക്ക് മാത്രം കണക്കിലെടുത്ത് ഉപഭോക്താക്കൾ തങ്ങളുടെ രണ്ടാമത്തെ ഫോൺനമ്പർ ബിഎസ്എൻഎലിലേക്ക് മാറ്റാനാണ് സാധ്യത.
4 ജി താമസിയാതെ വന്നേക്കും
2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചേക്കുമെന്ന് അടുത്തിടെ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ബിഎസ്എൻഎലിന് പുതിയ ഉപഭോക്താക്കളെ കാര്യമായി കിട്ടിയിരുന്നില്ല.
അതേസമയം ഡാറ്റാ ഉപയോഗം മാറ്റി നിർത്തിയാൽ, വോയ്സ് കോൾ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമാണ് ബിഎസ്എൻഎൽ പ്രിപെയ്‌ഡ് പ്ലാനുകൾ. അതേസമയം സ്വകാര്യ കമ്പനികളെ അനുകരിച്ച് ബിഎസ്എൻഎലും നിരക്ക് വർധിപ്പിക്കുമോ എന്ന് വ്യക്തമല്ല. നിലവിൽ അത്തരം ഒരു സൂചന ബിഎസ്എൻഎൽ നൽകുന്നില്ല.
Content Highlights: BSNL Subscriber Base Might Expand Soon