കഴിഞ്ഞമാസം പുറത്തിറക്കിയ പുതിയ മാക്ക്ബുക്ക് പ്രോ ലാപ്ടോപ്പിനൊപ്പം ആപ്പിൾ ഒരു പോളിഷിങ് ക്ലോത്തും അവതരിപ്പിച്ചു. പോളിഷിങ് ക്ലോത്ത് എന്ന് പറഞ്ഞാൽ മാക്ബുക്ക് തുടച്ച് വൃത്തിയാക്കാനുള്ള തുണി എന്ന് ലളിതമായി പറയാം. വെള്ളനിറത്തിൽ പ്രത്യേക ഡിസൈനിൽ ആപ്പിളിന്റെ ലോഗോ പതിച്ച ഈ തുണിയ്‍ക്ക് 1900 രൂപയാണ് വില.
ലോലമായ മൈക്രോ ഫൈബറുകൾ കൊണ്ട് നിർമിച്ച ഈ തുണി ആപ്പിളിന്റെ ഡിസ്പ്ലേയും മറ്റ് ഭാഗങ്ങളുമെല്ലാം തുടച്ചുവൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. ഈ ഉൽപ്പന്നം അതിന്റെ വിലയുടെ പേരിൽ കണക്കറ്റ് കളിയാക്കപ്പെട്ടുവെങ്കിലും വിൽപനയ്‍ക്ക് വെച്ച ഉടൻ തന്നെ അവ അതിവേഗം വിറ്റഴിക്കപ്പെട്ടു.
ഈ കളിയാക്കലിൽ പങ്കുചേർന്ന പോലെ മറ്റൊരു മുൻനിര സാങ്കേതിക വിദ്യാ കമ്പനിയായ ഇലോൺ മസ്കിന്റെ ടെസ്ലയും ഒരു പുതിയ ഉൽപ്പന്നം പുറത്തിറക്കി. സൈബർ വിസിൽ. 50 ഡോളറാണ് ഇതിന് വില. ഏകദേശം 3700 രൂപയിലേറെ വിലവരും ഇത്.
Blow the whistle on Tesla!
&mdash Elon Musk (@elonmusk)
കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് പുതിയ വിസിൽ പരിജയപ്പെടുത്തിക്കൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചത്.
ടെസ്ല പുറത്തിറക്കിയ സൈബർ ട്രക്കിന്റെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വിസിൽ തയ്‌യാറാക്കിയിരിക്കുന്നത്. മെഡിക്കൽ ഗ്രേഡ് സ്റ്റെയ്ൻലെസ് സ്റ്റീലിൽ നിർമിതമാണ് ഈ വിസിൽ.
വളരെ കുറഞ്ഞ എണ്ണം സൈബർ വിസിലുകൾ മാത്രമാണ് ടെസ് ല പുറത്തിറക്കിയത്. ടെസ്ല വെബ്സൈറ്റിലൂടെയാണ് ഇത് വിൽപനയ്‍ക്ക് വെച്ചത്. അതിവേഗം തന്നെ ഇവ വിറ്റഴിക്കപ്പെടുകയും ചെയ്തു.
Content Highlights: Tesla selling Cyberwhistle, Musk mocks Apple polishing cloth