ന്യൂഡൽഹി
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീമടക്കം രാജ്യസഭാംഗങ്ങൾക്കെതിരായ സസ്പെൻഷൻ ക്രമവിരുദ്ധമെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. സഭാസമ്മേളനം രാഷ്ട്രപതി പ്രൊറോഗ് (നടപടികൾ നിർത്തിവയ്ക്കുക) ചെയ്താൽ പരിഗണനയിലുള്ള ബില്ലുകളും പ്രമേയങ്ങളുമൊഴികെയെല്ലാം അസാധുവാകും. മുന് സമ്മേളന കാലത്തെ സംഭവങ്ങളില് നടപ്പുസമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്ന് പുറത്താക്കുന്നത്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ചട്ടം 256
സസ്പെൻഷൻ നടപടി ചട്ടം 256 പ്രകാരമാണ്. നടപടി തടസ്സപ്പെടുത്തുംവിധം പെരുമാറുന്ന അംഗത്തെ ആദ്യം സഭാധ്യക്ഷൻ പേരെടുത്ത് പരാമർശിക്കും. രണ്ടാമതായി ആ അംഗത്തെ പുറത്താക്കാനുള്ള പ്രമേയം അപ്പോൾത്തന്നെ അധ്യക്ഷൻ മുന്നോട്ടുവയ്ക്കും. സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാകും പരമാവധി സസ്പെൻഷൻ. നടപടി സഭയ്ക്ക് പിന്നീട് റദ്ദാക്കുകയുമാകാം.
ആഗസ്ത് 11ന് പ്രതിഷേധിച്ചവർക്കെതിരെ ഇതൊന്നുമുണ്ടായില്ല. സമ്മേളനം അവസാനിച്ചു. രാഷ്ട്രപതി പിന്നീട് പ്രൊറോഗും ചെയ്തു. രാജ്യസഭാ ബുള്ളറ്റിനിൽ സഭയിൽ പ്രതിഷേധിച്ച 33 എംപിമാരുടെ പേരുണ്ട്. അതിൽ ഉൾപ്പെടാത്ത എളമരം കരീമിനെയടക്കം ഇപ്പോൾ സസ്പെൻഡ് ചെയ്തത് മനസ്സിലാക്കാനാകുന്നില്ല–- ആചാരി പറഞ്ഞു.