തിരുവനന്തപുരം
കെപിസിസി നേതൃത്വവും ഗ്രൂപ്പുകളും തുറന്ന ഏറ്റുമുട്ടലിലേക്ക്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്കരിച്ചതോടെ കോൺഗ്രസിലെ സ്ഥിതി സ്ഫോടനാത്മകമായി. ഇത് യുഡിഎഫിനെയും പ്രതിസന്ധിയിലാക്കി. തർക്കം മൂർച്ഛിച്ചതോടെ ഇരുപക്ഷവും പരാതികളുമായി ഹൈക്കമാൻഡിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ്.
മുതിർന്ന നേതാക്കൾ പാർടിയെ പിറകോട്ട് വലിക്കാനും യുഡിഎഫിനെ ദുർബലമാക്കാനും ആസൂത്രിതനീക്കം നടത്തുകയാണെന്ന് നേതൃത്വം ആരോപിച്ചു. ഇക്കാര്യം ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും നീക്കം. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരായ കുറ്റാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്.
മുന്നണിയോഗ ബഹിഷ്കരണമടക്കം എന്ത് സമ്മർദത്തിന് ശ്രമിച്ചാലും വഴങ്ങേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ബഹിഷ്കരണത്തിന്റെ കാരണം തേടാതെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. മുതിർന്ന നേതാക്കളെ നേതൃത്വം നിരന്തരം പരസ്യമായി അപമാനിക്കുകയാണെന്ന പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനാണ് ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം. അണികളുടെ വീര്യം കെടുത്തുന്ന ഗ്രൂപ്പുകളുടെ നടപടിയിൽ ഹൈക്കമാൻഡ് ഇടപെടലാണ് നേതൃത്വത്തിന്റെ ആവശ്യം.
യുഡിഎഫിന്റെ മുൻ ചെയർമാന്മാരായ രണ്ട് നേതാക്കളും യോഗം ബഹിഷ്കരിച്ചത് മുന്നണിയിലും പ്രതിസന്ധിയുണ്ടെന്ന് വരുത്താനുള്ള ബോധപൂർവനീക്കമാണെന്നും ഹൈക്കമാൻഡിനെ ധരിപ്പിക്കും.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഹേളിക്കുന്നതിന്റെ ഭാഗമാണ് പലർക്കുമെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുന്നതെന്നാണ് ഗ്രൂപ്പുകളുടെ പരാതി. വ്യക്തിവിരോധവും കുടിപ്പകയും തീർക്കാൻ അച്ചടക്കനടപടിയെ നേതൃത്വം ദുരുപയോഗിക്കുകയാണ്. ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ സമീപിച്ചിട്ടും ഇടപെടലുണ്ടാകാത്തതിൽ അതൃപ്തിയുമുണ്ട്. കെപിസിസി പുനഃസംഘടനയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക നൽകില്ലെന്ന് ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പ്രവർത്തിക്കാനനുവദിക്കാതെ സമ്മർദത്തിലാക്കാനുള്ള തന്ത്രത്തിന് പുനഃസംഘടനയിലൂടെ തിരിച്ചടിക്കാനാണ് നീക്കം. കെപിസിസി അച്ചടക്കസമിതി അടുത്ത ആഴ്ച നിലവിൽ വരുന്നതോടെ ഇടഞ്ഞുനിൽക്കുന്ന കൂടുതൽ പേർക്കെതിരെ നടപടിയും ലക്ഷ്യമിടുന്നു. -സംഘടനാ തെരഞ്ഞെടുപ്പ് ഭയന്നാണ് അംഗത്വവിതരണത്തിന് തയ്യാറാകാത്തതെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം.
മമ്പറത്തെ തൊട്ടു;
ഉടക്കി നേതാക്കൾ
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്കരിച്ചതിനുപിന്നിൽ കെപിസിസി മുൻ എക്സിക്യൂട്ടീവംഗം മമ്പറം ദിവാകരനെ പുറത്താക്കിയതിലെ അമർഷവും. കൂടിയാലോചനയില്ലാതെ ധൃതിപിടിച്ചുള്ള പുറത്താക്കലാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇരുവരും ദിവാകരനെ ഫോണിൽ വിളിച്ചിരുന്നു. കടുത്ത നടപടിയിലേക്ക് പോകരുതെന്നും അഭ്യർഥിച്ചു. തുടർന്നാണ്, സാധാരണ പ്രവർത്തകനായി കോൺഗ്രസിൽ ഉറച്ചുനിൽകുമെന്ന് മമ്പറം പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ മുതിർന്ന നേതാക്കളിൽ പലരും അതൃപ്തരാണ്.
സുധാകരനും
ദിവാകരനും നേർക്കുനേർ
കോൺഗ്രസിലെ സുധാകരൻ ഗ്രൂപ്പ് ഒരു ഭാഗത്തും മറ്റെല്ലാവരും മറുപക്ഷത്തുമായുള്ള ഏറ്റുമുട്ടലായി അഞ്ചിന് നടക്കുന്ന തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പ് മാറുന്നു. കോൺഗ്രസ് വികാരമുയർത്തി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. അന്ത്യംവരെ കോൺഗ്രസുകാരനായി തുടരുമെന്ന് ആവർത്തിച്ചാണ് മമ്പറം ദിവാകരൻ ഈ നീക്കത്തിന് തടയിടുന്നത്.
ആശുപത്രിഭരണം ഔദ്യോഗികപക്ഷം പിടിച്ചാൽ സ്ഥാപനത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ജീവനക്കാരും. ഒരു സ്ഥാപനവും നടത്തി വിജയിപ്പിച്ച ചരിത്രം കെ സുധാകരനില്ല. നടാൽ പ്രിയദർശിനി ഹോസ്പിറ്റൽ, പിജി പ്ലൈവുഡ്സ് തുടങ്ങി സുധാകരൻ തൊട്ടതെല്ലാം തകർന്നു. ഇത് മമ്പറം ആയുധമാക്കുന്നുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് സുധാകര ദിവാകര പോരാട്ടമായി മാറി.