ആലുവ
ഗാർഹികപീഡനത്തെത്തുടർന്ന് നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത കേസിൽ പ്രതികളെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ ബാപ്പ യൂസഫ്, ഉമ്മ റുഖിയ എന്നിവരെയാണ് ആലുവ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയിൽ വിട്ടത്. സുഹൈലിന്റെ വാട്സാപ് ചാറ്റുകളും മൊബൈലിലെ ചിത്രങ്ങൾ പരിശോധിക്കാനും അന്വേഷകസംഘത്തിന് അനുമതി നൽകി. സ്ത്രീധന, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസം റുഖിയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ കസ്റ്റഡിയിൽ വിടുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വൈദ്യപരിശോധനാ രേഖ പരിശോധിച്ച കോടതി ആവശ്യം അനുവദിച്ചില്ല. ചൊവ്വാഴ്ച മൂവരെയും ചോദ്യം ചെയ്തു. ബുധനാഴ്ച കോതമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. മൊഫിയയുടെ ആത്മഹത്യാകുറിപ്പില് പരാമര്ശിച്ച എസ്എച്ച്ഒ സി എല് സുധീറിനെതിരെയുള്ള വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമീഷണര് കെ എഫ് ഫ്രാന്സിസ് ഷെല്ബിക്കാണ് അന്വേഷണച്ചുമതല.