ന്യൂഡൽഹി
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനെതിരെ ഉത്തർപ്രദേശ് ഗാസിയാബാദിലെ ലോനിയിൽനിന്നുള്ള ബിജെപി എംഎൽഎ ഹീനമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ പാർടി പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. ബൃന്ദ ഗോഹത്യ പ്രോത്സാഹിപ്പിക്കുന്നെന്നും വർഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നെന്നും ആരോപിച്ച് എംഎൽഎ, അവർക്കെതിരെ എഫ്ഐആർ ഇടണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൊലീസ് അതിക്രമത്തിനിരയായവരെ ബൃന്ദയുടെ നേതൃത്വത്തിലുള്ള സിപിഐ എം സംഘം സന്ദർശിച്ചതിനു പിന്നാലെയാണ് അധിക്ഷേപം. ഏറ്റുമുട്ടലെന്ന പേരിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഏഴ് യുവാക്കളിൽ ഒരേ രീതിയിലുള്ള മുറിവുകളാണ് പൊലീസ് ഏൽപ്പിച്ചത്. പൊലീസുകാർക്കെതിരെ കേസെടുക്കുന്നതിനുപകരം ഏഴ് യുവാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വർഗീയ അടിസ്ഥാനത്തിൽ ഗോരക്ഷാ സംഘങ്ങളെ നയിച്ച് പൊലീസ് നടപടിയെ പിന്തുണയ്ക്കുന്ന എംഎൽഎ, ഇരകൾക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്. ലോനി സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. നീതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടി വേണമെന്നും പിബി ആവശ്യപ്പെട്ടു.