ന്യൂഡൽഹി
ചർച്ച അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിച്ച 12 എംപിമാരെ പുറത്താക്കിയത് ബിജെപിയുടെ ഭീരുത്വവും അസഹിഷ്ണുതയും വെളിപ്പെടുത്തിയെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം. എതിർശബ്ദങ്ങൾ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിർക്കാനും സഭാനടപടികൾക്ക് അനുസൃതമായി പ്രവർത്തിക്കാനുമാണ് എംപിമാർ ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ എംപിമാർ ഉന്നയിച്ച കാര്യങ്ങള് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. പെഗാസസിലും കാർഷികനിയമങ്ങളിലും മുൻനിലപാട് തിരുത്താൻ സർക്കാർ നിർബന്ധിതമായി.
അന്വേഷണസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പറയുന്നു. സമിതി പ്രതിപക്ഷത്തെ കണ്ടിട്ടില്ല. എംപിമാരെ ആക്രമിച്ച സുരക്ഷാജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു. നടപടി സ്വീകരിച്ചില്ല–- എളമരീം കരീം ചൂണ്ടിക്കാട്ടി.