അഗർത്തല
അക്രമവും ഭീഷണിയും ബൂത്തുപിടിത്തവുംവഴി ബിജെപി പൂർണ പ്രഹസനമാക്കി മാറ്റിയ ത്രിപുരയിലെ തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിക്ക് ജയം. -തെരഞ്ഞെടുപ്പ് നടന്ന 222 സീറ്റിൽ 217 ബിജെപി നേടി. സിപിഐ എമ്മിന് മൂന്ന് സീറ്റ് ലഭിച്ചു. തൃണമൂൽ കോൺഗ്രസിനും ടിപ്രയ്ക്കും ഓരോ സീറ്റ് ലഭിച്ചു. അംബാസ മുനിസിപ്പൽ കൗൺസിൽ, കൈലാഷഹർ മുനിസിപ്പൽ കൗൺസിൽ, പാനിസാഗർ നഗർ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സിപിഐ എമ്മിന് സീറ്റ് ലഭിച്ചത്.അഗർത്തല കോർപറേഷനിലേക്കും 19 മുനിസിപ്പൽ കൗൺസിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആകെയുള്ള 334 സീറ്റില് 112 ഇടത്ത് ബിജെപി സ്ഥാനാര്ഥികള് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഗർത്തല കോർപറേഷനിൽ 51 സീറ്റിലും ബിജെപി സ്ഥാനാർഥികൾ ജയിച്ചു. 25നാണ് 222 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സുപ്രീംകോടതി നൽകിയ എല്ലാ മാർഗനിർദേശവും ലംഘിച്ച് നടത്തിയ അഗർത്തലയിലെയും ധർമനഗർ, ഖോവായ്, ബെലോനിയ, മേലാഗഢ് മുനിസിപ്പാലിറ്റികളിലെയും വോട്ടെടുപ്പ് റദ്ദാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു.