ന്യൂഡൽഹി
ഹിന്ദുക്കൾക്ക് ഹിന്ദുക്കളായി തുടരണമെങ്കിൽ ഭാരതം അഖണ്ഡഭാരതമായി മാറണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ‘ഹിന്ദുസ്ഥാൻ’ ഹിന്ദുരാഷ്ട്രമാണ്. ഹിന്ദുത്വത്തിൽനിന്നാണ് അതിന്റെ ഉൽപ്പത്തി. ഭാരതത്തെ ഹിന്ദുക്കളിൽനിന്ന് വേർപെടുത്താൻ കഴിയില്ല. രാജ്യത്തിന്റെ സ്വത്വം ഹിന്ദുക്കൾ വിസ്മരിച്ചപ്പോഴെല്ലാം കടുത്ത പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടായി. ഭാരതമായി തുടരണമെങ്കിൽ അത് അഖണ്ഡഭാരതമാകണം. ഹിന്ദുക്കളില്ലാതെ ഭാരതമില്ലെന്നതുപോലെ ഭാരതമില്ലാതെ ഹിന്ദുക്കളുമില്ലെന്നത് തിരിച്ചറിയണമെന്നും – ഭാഗവത് മധ്യപ്രദേശിലെ പരിപാടിയിൽ പറഞ്ഞു.
ഭാരതത്തിന്റെ അസ്തിത്വം ഹിന്ദുക്കൾ വിസ്മരിച്ചതിനാലാണ് വിഭജനവും പാകിസ്ഥാനും ഉണ്ടായതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
മുസ്ലിങ്ങളും ഈ വസ്തുത മറന്നു. ബ്രിട്ടീഷുകാർ ഹിന്ദുസ്വത്വം തകർത്ത് ഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചു. ഇനി ഹിന്ദുക്കൾ അവരുടെ സ്വത്വം മറക്കാൻ പാടില്ലെന്നും- മോഹൻ ഭാഗവത് പറഞ്ഞു.