സാൻഫ്രാൻസിസ്കോ: അമേരിക്കയിൽ ആളുകൾ ടെലിവിഷൻ ചാനലുകൾ കാണുന്നതിനേക്കാൾ കുടുതൽ ആശ്രയിക്കുന്നത് ഓടിടി പ്ലാറ്റ്ഫോമുകളെയെന്ന് റിപ്പോർട്ട്. 18 വയസിനും 43 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 63 ശതമാനവും കേബിൾ, ഉപഗ്രഹ സംപ്രേഷണ ചാനലുകളേക്കാൾ കൂടുതൽ കാണുന്നത് വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളാണെന്ന് ഒരു ഗാർട്ട്നെർ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
ടിവിയിൽ ഓടിടി പ്ലാറ്റ്ഫോമുകൾ സ്ട്രീം ചെയ്യുന്നതിന് വേണ്ടി ചിലവഴിക്കുന്ന സമയം വർധിക്കുകയാണ്. കേബിൾ, ഉപഗ്രഹ പ്രക്ഷേപണ ചാനലുകളിലേക്ക് വേണ്ടിയുള്ള പരസ്യ ബജറ്റിൽ വലിയൊരു ഭാഗം സ്ട്രീമിങ് ടിവികളിലേക്കാണ് പോവുന്നത്.
എങ്കിലും സ്ട്രീമിങ് സേവനങ്ങൾക്ക് വിപണിയിലുള്ള സ്ഥാനം വിഘടിച്ചുകിടക്കുകയാണെന്നും, പക്വതയിലെത്തിയിട്ടില്ലെന്നും പരസ്യരഹിത സേവനങ്ങളുടെ ജനപ്രീതിയാൽ വെല്ലുവിളി നേരിടുന്നുണ്ടെന്നും ഗാർട്ട്നർ മാർക്കറ്റിംഗ് പ്രാക്ടീസിലെ സീനിയർ ഡയറക്ടർ അനലിസ്റ്റ് എറിക് ഷ്മിറ്റ് പറഞ്ഞു.
ആറ് മികച്ച സ്ട്രീമിംഗ് ടിവി സേവനങ്ങളിൽ നാലെണ്ണം പരസ്യരഹിതമാണ് (നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+, എച്ച്ബിഒ മാക്സ്), എന്നാൽ മികച്ച 16ൽ 10 എണ്ണം പ്രധാനമായും പരസ്യ പിന്തുണയുള്ളവയാണ് (ഉദാ. YouTube, Hulu).
യുഎസിലെ സർവേയിൽ പങ്കെടുത്ത ടിവി പ്രേക്ഷകരിൽ 80 ശതമാനവും ഒരു സ്ട്രീമിംഗ് ടിവി സേവനമെങ്കിലും ഉപയോഗിക്കുന്നുണ്ടെന്നും 64 ശതമാനം പേർ പരസ്യ പിന്തുണയുള്ള ഒരു സേവനമെങ്കിലും കാണുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് ഉപഭോക്താക്കളുടെ സ്ട്രീമിങ് സേവനങ്ങളിലെ കാഴ്ചാ ശീലങ്ങളിലും തിരഞ്ഞെടുപ്പുകളിലും വ്യത്യാസങ്ങളുണ്ട്. 8-43 വയസ്സ് പ്രായമുള്ളവർ വിവിധങ്ങലായ സ്ട്രീമിംഗ് ടിവി സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് എന്ന് ഗാർട്ട്നർ മാർക്കറ്റിംഗ് പ്രാക്ടീസ് റിസർച്ച് ഡയറക്ടർ കത്യ സ്കോഗൻ പറഞ്ഞു.
ഇതിൽ ചെറുപ്പക്കാരായ പുരുഷന്മാരാണ് പലവിധ സ്ട്രീമിങ് സേവനങ്ങൾ ആസ്വദിക്കുന്നവർ. ചെറുപ്പക്കാരായ സ്ത്രീകൾ കുറച്ച് സേവനങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ അവർ പുരുഷന്മാരേക്കാൾ കൂടുതൽ സമയം സ്ട്രീമിങിൽ ചിലവഴിക്കുന്നുണ്ട് എന്നും സ്കോഗൻ പറഞ്ഞു.
Content Highlights: OTT Platform, Traditional TV, Streaming Services, Netflix, Prime Video