ന്യൂഡൽഹി > ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതവേണമെന്ന് പ്രധാനമന്ത്രി. മുൻകരുതൽ നടപടികൾ ശക്തമാക്കണം. കോവിഡ് പ്രതിരോധവും വാക്സിനേഷൻ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മാരകമായ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനരാലോചിക്കാൻ പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചു.
വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും, പ്രത്യേകിച്ച് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം കർശനമാക്കണം. ഇവർക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന നടത്തിയെന്ന് ഉറപ്പുവരുത്തണം.
സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ ജനങ്ങൾ കര്ശനമായി പാലിക്കണം. രാജ്യത്ത് വാക്സിന് രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും സമയബന്ധിതമായി പൂര്ത്തിയാക്കാനും പ്രധാനമന്ത്രി നിര്ദേശിച്ചു.
കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനയാത്രാ നിയന്ത്രണം ഡിസംബർ 15 മുതൽ നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ഒമിക്രോൺ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.
കോവിഡിന്റെ ഒമിക്രോണ് വകഭേദം വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവന് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.