കണ്ണൂർ > ഹലാൽ വിവാദം സംഘ്പരിവാറിന്റെ ഒരു അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പംതന്നെ ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്ന രീതിയും സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും വലിയ തോതിലുള്ള വിവാദങ്ങൾ ഉയർത്തിക്കൊണ്ട് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിൽ സിപിഐ എം ഏരിയാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഹലാലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിന്റെ പൊള്ളത്തരം പിന്നീടാണ് ബിജെപിയ്ക്ക് തന്നെ മനസ്സിലാകുന്നത്. ഈ വിഷയത്തിൽ ജോൺ ബ്രിട്ടാസ് ഇന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനം പ്രസക്തമാണ്. അതിൽ അദ്ദേഹം പറയുന്നത് പാർലമെന്റിനകത്ത് കൊടുക്കുന്ന ഭക്ഷണത്തിൽ ഇത് ഹലാലാണ് എന്ന് എഴുതിവച്ചിട്ടുണ്ട് എന്നാണ്. കഴിക്കാൻ പറ്റുന്നതാണ്, മറ്റ് ദോഷങ്ങളൊന്നും ഇല്ലാ എന്ന് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരമൊരു രീതിയിലാണ് ആ പദം സ്വീകരിച്ച് വന്നിട്ടുള്ളത്.
ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുവാനുള്ള ഒരുപാട് ആരോപണങ്ങളുയർത്തി അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായാണ് ചെയ്യുന്നത്. കേരളത്തിലും അതിന്റെ ഭാഗമായുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നു, ജനാധിപത്യ വാദികൾ വലിയ തോതിലുള്ള വേട്ടയാടലിന് ഇരയാകുന്നു. ഇത്തരത്തിൽ ആധുനിക ജനാധിപത്യ കാഴ്ചപ്പാടിൽനിന്ന് വ്യതിചലിച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്ത് പ്രചരിപ്പിക്കാനും വ്യാപകമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.
കോൺസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണമെന്നും ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയിൽ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടു. ഗോവധ നിരോദനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്നം സൃഷ്ടിക്കുകയാണ്. അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നുണ്ട്. ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുൾഡോസർ ഉരുളാൻ തുടങ്ങിയിരിക്കുന്നു.
രാജ്യത്തെ ഫെഡറലിസത്തെ കേന്ദ്രം തകർത്തുശകാണ്ടിരിക്കുകയാണ്. ആസൂത്രണ കമ്മീഷൻ പിരിച്ച് വിട്ടതോടെ സംസ്ഥാനങ്ങൾക്ക് ഒന്നും പറയാനാകുന്നില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലും കടന്ന് കയറുകയാണ്. കൃഷി, സഹകരണം മേഖലയെല്ലാം ഈ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ്. കൊവിഡ് കാലത്ത് കേന്ദ സർക്കാർ ജനദ്രോഹ നയങ്ങൾ ഓരോന്നായി നടപ്പിലാക്കി. പൊതുമേഖലയെ ഇല്ലതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.