ന്യൂഡൽഹി
ജനപക്ഷത്തുനിന്ന് രാജ്യത്തെ കാർഷികമേഖലയെക്കുറിച്ച് ‘കിസാൻ കമീഷൻ’ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. പ്രമുഖ മാധ്യമപ്രവര്ത്തകന് പി സായിനാഥിന്റെ നേതൃത്വത്തിലുള്ള നേഷൻ ഫോർ ഫാർമേഴ്സിന്റെയും സമാനചിന്താഗതിയുള്ള സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും മുൻകൈയിലാണ് നീക്കം. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള പ്രസ്ഥാനങ്ങളുമായി ആലോചിച്ച് കമീഷൻ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കുമെന്ന് പി സായ്നാഥ്, അഖിലേന്ത്യ കിസാൻസഭാ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഔദ്യോഗിക കാർഷിക കമീഷനുകളുടെ റിപ്പോർട്ടുകൾ കോർപറേറ്റ് താൽപ്പര്യത്തോടെ സർക്കാരുകൾ പൂഴ്ത്തി. കാർഷികമേഖലയിൽ ആവശ്യമായ മാറ്റത്തെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് കർഷകസംഘടനകളുടെ പങ്കാളിത്തത്തോടെ രൂപപ്പെടുത്തും. തുല്യത, സാമൂഹ്യനീതി, ഭക്ഷ്യ വൈവിധ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ഊന്നിയ രാഷ്ട്രീയവുമായി ഇതിനെ കൂട്ടിയിണക്കും. കർഷകരും കാർഷികമേഖലാ വിദഗ്ധരും അംഗങ്ങളാകും. സ്വാമിനാഥൻ കമീഷന്റെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചിട്ട് 16 വർഷമായി.
ഇതേക്കുറിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ച നടത്തണമെന്ന ആവശ്യം തുടർച്ചയായി ഉയർന്നിരുന്നു. യുപിഎ, എൻഡിഎ സർക്കാരുകൾ ഒരു മണിക്കൂർപോലും ഇതിന് നീക്കിവച്ചില്ല. കർഷകരുടെ സമ്മതത്തോടെയും നിയന്ത്രണത്തിലുമാണ് കിസാൻ കമീഷൻ പ്രവർത്തിക്കുക. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും തദ്ദേശീയ സമൂഹങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കാൻ ഉതകുന്ന റിപ്പോർട്ട് കമീഷൻ തയ്യാറാക്കും.
ദിനേഷ് അബ്രോൾ, നവ്ശരൻ സിങ്, തോമസ് ഫ്രാങ്കോ, എൻ ഡി ജയപ്രകാശ്, ജഗ്മോഹൻസിങ്, സെബാസ്റ്റ്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.