ന്യൂഡൽഹി
പട്ടിണി ഇല്ലാതാക്കാൻ കേരളത്തിലെ സമൂഹ അടുക്കള മാതൃക രാജ്യവ്യാപകമായി നടപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ തുടർച്ചയായി ദേശീയതലത്തിൽ പ്രത്യേക സമിതിക്ക് കേന്ദ്രം രൂപം നൽകി. കേരള സിവിൽ സപ്ലൈസ് കമീഷണർ ഡോ. സജിത് ബാബുവിനെ സമിതിയിലുൾപ്പെടുത്തി. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഭക്ഷ്യമന്ത്രി സമ്മേളനമാണ്സമിതിക്ക് രൂപം നൽകിയത്.
സമൂഹ അടുക്കള രാജ്യവ്യാപകമാക്കാനുള്ള കർമ പദ്ധതിക്ക് മൂന്നാഴ്ചയ്ക്കകം രൂപം നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.ഏഴംഗ സമിതി റിപ്പോർട്ട് തയ്യാറാക്കി സുപ്രീംകോടതിക്ക് സമർപ്പിക്കും. സമൂഹ അടുക്കളകൾക്ക് ഉച്ചഭക്ഷണത്തിനു പുറമെ ഭക്ഷണം നൽകാൻ റേഷൻനിരക്കിൽ കൂടുതൽ അരി ലഭ്യമാക്കണമെന്ന് കേരള ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു. സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാൻ ഹോട്ടലിന് 10 ലക്ഷം രൂപ വീതം നല്‍കണം. കേരളത്തിന് മുമ്പ് അനുവദിച്ച 16 ലക്ഷം മെട്രിക് ടൺ അരി പുനഃസ്ഥാപിക്കണം. മഴക്കെടുതി കണക്കിലെടുത്ത് 50,000 മെട്രിക് ടൺ അരികൂടി വേണം. 2020 ഏപ്രിലിനുശേഷം നിർത്തിവെച്ച ഗ്യാസ് സബ്സിഡി പുനഃസ്ഥാപിക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേരളത്തില്‍ മുൻഗണനാ വിഭാഗത്തെ 1.56 കോടിയായി നിജപ്പെടുത്തി.
അർഹരായ എല്ലാവർക്കും ഗുണം ലഭിക്കാൻ ഇതു വർധിപ്പിക്കണം. ജയ, സുരേഖ അരിയിനങ്ങൾ കേരളവിഹിതത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നും- മന്ത്രി ആവശ്യപ്പെട്ടു.