കൊൽക്കത്ത
സുപ്രീംകോടതി നിർദേശത്തിനും വില കൽപ്പിക്കാതെ ത്രിപുര മുനിസിപ്പൽ തെരഞ്ഞെടുപ്പും ഭരണകക്ഷിയായ ബിജെപി അട്ടിമറിച്ചു. അക്രമവും ബൂത്തുപിടിത്തവും വോട്ടർമാരെ തടയലും തെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും വ്യാപകമായി അരങ്ങേറി. തെരഞ്ഞെടുപ്പ് സമാധാനപരവും സുതാര്യവുമായി നടത്തണമെന്ന സുപ്രീംകോടതി നിർദേശമുണ്ടായിട്ടും പൊലീസും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും അക്രമം തടയാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. അഗർത്തല കോർപറേഷനിലേക്കും 19 മുനിസിപ്പൽ കൗൺസിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
അഗർത്തലയിൻ ബിജെപി വൻ അക്രമം അഴിച്ചുവിട്ടു. പുറത്തുനിന്നുൾപ്പെടെ വൻ തോതിൽ ആളുകളെ ഇറക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം. ബൂത്തുകളിൽനിന്ന് പ്രതിപക്ഷ സ്ഥാനാർഥികളുടെ ഏജന്റുമാരെ അടിച്ചിറക്കി. പലയിടത്തും സിപിഐ എമ്മിന്റെ ക്യാമ്പ് ഓഫീസുകൾ തകർത്തിട്ടും പൊലീസ് പരാതികൾ സ്വീകരിച്ചില്ല. അക്രമത്തിലും പൊലീസ് നിഷ്ക്രിയതയിലും പ്രതിഷേധിച്ച് വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതൻ ചൗധരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മാർച്ച് നടത്തി. എല്ലാവാർഡിലും റീ പോളിങ് നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.സഹിക്കവയ്യാതെ പലയിടത്തും ബിജെപി അക്രമികളെ ജനങ്ങൾ സംഘടിതമായി നേരിട്ടു. സോണമുരിയിൽ അക്രമത്തിന് നേതൃത്വം നൽകിയ മന്ത്രി സുഷാന്ത് ചൗധരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കൈലാസ്ഗർ ഉദയപുർ, സബ്രും, ബലോണിയ, ധർമനഗർ എന്നിവിടങ്ങളിലും ശക്തമായ ചെറുത്തുനിൽപ്പുണ്ടായി.
സുരക്ഷ ഉറപ്പാക്കണമെന്ന്
സുപ്രീംകോടതി
വ്യാഴാഴ്ച തദ്ദേശതെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിൽ പോളിങ് ബൂത്തില്‍ സുരക്ഷ ഉറപ്പാക്കാൻ നിര്‍ദേശിച്ച് സുപ്രീംകോടതി. ഡിജിപിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.സിപിഐ എമ്മും തൃണമുലും സമർപ്പിച്ച ഹർജികണ് അടിയന്തരമായി പരിഗണിച്ചത്.കേന്ദ്ര സായുധപൊലീസ് സംഘത്തിന്റെ (സിഎപിഎഫ്) രണ്ട് കമ്പനികൂടി വിന്യസിക്കാനും മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാവണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ത്രിപുരയിൽ ബിജെപി പ്രതിപക്ഷത്തെ അടിച്ചമർത്തുകയാണെന്ന് സിപിഐ എം ഹർജിയിൽ ചൂണ്ടിക്കാട്ടി. വീടുകളും പാർടി ഓഫീസുകളും ആക്രമിക്കുന്നു. ബുധനാഴ്ച അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ സിപിഐ എം സ്ഥാനാർഥി സ്മൃതി സർക്കാരിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും സിപിഐ എമ്മിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ് ശ്രദ്ധയിൽപ്പെടുത്തി.