മംഗളൂരു
ദളിത് ബിജെപി എംഎൽഎ ക്ഷേത്രപല്ലക്ക് ചുമന്നതിനെത്തുടർന്ന് “പരിഹാരക്രിയ’ നടത്തി സംഘപരിവാറുകാർ ഉൾപ്പെട്ട ക്ഷേത്ര ഭരണസമിതി. ബെൽത്തങ്ങാടി ലായിലയിലെ വെങ്കിട്ടരമണ ക്ഷേത്രത്തിലാണ് സംഭവം.
ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയാണ് അനാചാരത്തിന് ഇരയായത്. മംഗളൂരുവിൽനിന്നുള്ള യാത്രയ്ക്കിടെ ഉത്സവ ഘോഷയാത്ര കണ്ട് കാർ നിർത്തിയ എംഎൽഎയെ ചിലര്‍ പല്ലക്ക് ചുമക്കാന്‍ ക്ഷണിച്ചു. അദ്ദേഹം പല്ലക്ക് ഘോഷയാത്രയില്‍ പങ്കാളിയായി. പിന്നാലെ പ്രതിഷേധവുമായി സംഘപരിവാറുകാര്‍ രംഗത്തെത്തി. ഘോഷയാത്രനിര്ത്തിവച്ചു. അടിയന്തര ക്ഷേത്രസമിതിയോഗം ചേര്‍ന്ന് കാശിമഠത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം “പരിഹാരക്രിയ’ നടത്തി.
പല്ലക്ക് ചുമക്കാൻ എംഎല്‍എയെ ക്ഷണിച്ചവരെ ക്ഷേത്രത്തില്‍ വിളിച്ചുവരുത്തി മാപ്പുപറയിപ്പിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എ തയാറായില്ല.സമൂഹമാധ്യമങ്ങൾ വഴി സംഘപരിവാരങ്ങള്‍ എംഎൽഎയ്ക്കെതിരെ കടുത്ത ആക്ഷേപം ചൊരിയുന്നു. അതിനിടെ പല്ലക്ക് ചുമക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ രംഗത്തെത്തി. ദൈവ വിശ്വാസികളാണെന്നും ഉത്സവത്തിൽ പങ്കാളികളാക്കണമെന്നും ദളിത് സംഘടനാ നേതാവ് ശേഖർ ബെൽത്തങ്ങാടി പറഞ്ഞു.