തിരുവനന്തപുരം
റിസർവ് ബാങ്ക് വഴി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഹകരണ ബാങ്കുകൾ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രനീക്കം കേരളം ചെറുക്കും. റിസർവ് ബാങ്ക് നടപടികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കും. സർക്കാരും സഹകരണ പ്രസ്ഥാനവും യോജിച്ച് നീങ്ങും.
സർക്കാരിനായി സഹകരണ വകുപ്പും പ്രാഥമിക സഹകരണ സംഘങ്ങൾക്കായി പ്രൈമറി കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷനും റിസർവ് ബാങ്കിന് നിവേദനം നൽകും. കേരളത്തിലെ സഹകരണമേഖലയുടെ പ്രത്യേകത ബോധ്യപ്പെടുത്തും. തുടർചർച്ചകളുടെ സാധ്യതയും പരിശോധിക്കും.
ആർബിഐ നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ സർക്കാർ ആലോചന തുടങ്ങി. സഹകരണമന്ത്രി വി എൻ വാസവൻ ശനിയാഴ്ച നിയമവിദഗ്ധരുമായി ചർച്ച നടത്തും. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുന്നതും പരിഗണനയിലാണ്. ബാങ്കിങ് ഭേദഗതി നിയമം സംബന്ധിച്ച വാർത്താക്കുറിപ്പ് കഴിഞ്ഞ ദിവസമാണ് ആർബിഐ പുറത്തിറക്കിയത്. സുപ്രീംകോടതി റദ്ദാക്കിയ കേന്ദ്രത്തിന്റെ ഭേദഗതി മറ്റൊരു രൂപത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം.
സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളാണതിൽ. വളഞ്ഞവഴിയിലൂടെ സഹകരണമേഖലയിൽ കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമാണിത്. സഹകരണം സംസ്ഥാന വിഷയമാണ്. വോട്ടവകാശമുള്ള അംഗങ്ങൾക്കും ഇല്ലാത്തവർക്കും തുല്യാവകാശമാണെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ നിർദേശങ്ങൾ.
ഇതിനെതിരെ അടിയന്തര നടപടികളിലേക്ക് സഹകരണ വകുപ്പ് നീങ്ങി. പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ഭാരവാഹികളുമായും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായും മന്ത്രി വി എൻ വാസവൻ വ്യാഴാഴ്ച ചർച്ച നടത്തി. 29ന് അസോസിയേഷൻ പ്രതിനിധികളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും വിപുലയോഗം ചേരും. ആശങ്കയിലായ സഹകാരികളെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ പ്രചാരണം സംഘടിപ്പിക്കും. പ്രാദേശിക പരിപാടികൾ 29ന് തീരുമാനിക്കും.