മനാമ > ആടിന്റെ വയറ്റില്‍ ഒളിപ്പിച്ച് കടത്തിയ 17 കിലോ മയക്കുമരുന്ന് കുവൈത്ത് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടി. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. അയല്‍ രാജ്യത്തു നിന്നും കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത ആടുകളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിന് ശ്രമമുണ്ടായത്.
ആടുകളുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് സ്വീകരിക്കാനായി രണ്ടുപേര്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലഹരിവിരുദ്ധ വിഭാഗം ആടുകളെ സൂക്ഷിച്ച സ്ഥലം കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമിര്‍ അല്‍ സബാഹിന്റെ സാന്നിധ്യത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡ് ആടുകളില്‍ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെടുക്കുന്നതിന്റെ വീഡിയോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകളാണ് കുവൈത്ത് നല്‍കുന്നത്.