ന്യൂഡൽഹി > നീതി ആയോഗിന്റെ നഗരങ്ങൾക്കായുള്ള ആദ്യ സുസ്ഥിര വികസന (എസ്ഡിജി) സൂചികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും ഇടം നേടി. രാജ്യത്തെ 56 നഗരങ്ങളെ 77 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി പ്രസിദ്ധീകരിച്ച പട്ടികയിലാണ് തിരുവനന്തപുരത്തിനും കൊച്ചിക്കും അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.
ദാരിദ്ര നിർമാർജനം, ജീവിത നിലവാരം, പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
സിംലയാണ് പട്ടികയിൽ ഒന്നാമത്. കോയമ്പത്തൂർ, ചണ്ഡീഗഢ് എന്നി നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പനാജി ആറാം സ്ഥാനവും പൂനെ ഏഴാം സ്ഥാനവും നേടി. തിരുച്ചിറപ്പള്ളി,അഹമ്മദാബാദ്, നാഗ്പൂർ എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റു നഗരങ്ങൾ.
ജാർഖണ്ഡിലെ ദൻബാദാണ് പട്ടികയിൽ അവസാനം, ആഗ്രയും മീററ്റും ഉത്തർപ്രദേശിൽ നിന്ന് അവസാന പത്തിൽ എത്തുന്ന നഗരങ്ങളായി. ഇവയ്ക്ക് പുറമേ ഫരീദാബാദ്, കൊൽക്കത്ത,കൊഹിമ,ജോദ്പൂർ, പാട്ന,ഗുവഹാത്തി,ഇട്ടാനഗർ എന്നി നഗരങ്ങൾക്കും അവസാന പത്തിലാണ് ഇടം നേടാനായത്.