തിരുവനന്തപുരം: ഗുരുതര അച്ചടക്കലംഘനം നടത്തിയ സംസ്ഥാന ഭാരവാഹികൾക്കെതിരെ നടപടിയുമായി എൽ.ജെ.ഡി. ഷെയ്ക് പി. ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, അങ്കത്തിൽ അജയ്കുമാർ, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തിൽനിന്ന് നീക്കംചെയ്യാനും പാർട്ടിയെ വെല്ലുവിളിച്ച് കടുത്ത അച്ചടക്കലംഘനം നടത്തിയ വി. സുരേന്ദ്രൻപിള്ളയെ സസ്പെൻഡ് ചെയ്യാനും എൽ.ജെ.ഡി. സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്തയോഗം ഏകകണ്ഠേന തീരുമാനിച്ചു.
കഴിഞ്ഞ 20-ാം തീയതി കോഴിക്കോട് ചേർന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്തയോഗം, വിമത പ്രവർത്തനം നടത്തിയവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സമയപരിധിക്കുള്ളിൽ ഖേദപ്രകടനം നടത്തി മറുപടി നൽകിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം. നായർ, സംസ്ഥാന കമ്മിറ്റി അംഗം ജി. സതീശ് കുമാർ എന്നിവരെ നടപടികളിൽനിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
കാരണംകാണിക്കൽ നോട്ടീസിന് യഥാസമയം മറുപടി നൽകാത്ത മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുൽപറ്റ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ എന്നിവർക്കെതിരായ നടപടി ഡിസംബർ ആദ്യവാരം കൂടുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഇതിനിടയിൽ വിഭാഗീയ പ്രവർത്തനം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ യുക്തമായ ശിക്ഷാനടപടി സ്വീകരിക്കുവാൻ സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
കെ.പി. മോഹനൻ എം.എൽ.എ., ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ് തുടങ്ങി മറ്റു സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.
content highlights: ljd takes disciplinary action againt state leaders