ന്യൂഡൽഹി
അമേരിക്കയുടെ രാഷ്ട്രീയതാൽപ്പര്യ സംരക്ഷണത്തിനായി എണ്ണമേഖലയിൽ വ്യാപാരയുദ്ധത്തിന് വഴിതുറക്കുന്ന നീക്കത്തിന് കൂട്ടുനില്‍ക്കുന്നത് ഇന്ത്യക്ക് ഭാവിയില്‍ വന്‍ തിരിച്ചടിയാകും. കുറഞ്ഞ വിലയിൽ സംഭരിച്ച എണ്ണ നാലിരട്ടി നിരക്കിൽ വിറ്റ് ലാഭം കൊയ്യാനുള്ള വ്യഗ്രതയും അമേരിക്കയുടെ സമ്മർദവുമാണ് കരുതല്എണ്ണശേഖരം പൊതുവിപണിയില്‍ തുറന്നിടുന്നതിനു പിന്നില്‍. ക്രൂഡോയില്‍ വില കുറയ്ക്കാനെന്ന പേരിലാണ് നടപടി.
അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ വന്‍കിട എണ്ണ ഉപഭോഗ രാജ്യങ്ങൾ കരുതൽനിക്ഷേപത്തിൽനിന്ന് വിൽപ്പന നടത്തിയാൽ എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങൾ എണ്ണവില കുറയ്ക്കാന്‍ സന്നദ്ധരാകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ രാജ്യത്ത് എണ്ണവില താൽക്കാലികമായെങ്കിലും പിടിച്ചുനിർത്തേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ രാഷ്ട്രീയ ആവശ്യമാണ്. അറുപത് കോടി വീപ്പയിലേറെ എണ്ണ കരുതൽശേഖരമുള്ള അമേരിക്ക 50 ലക്ഷം വീപ്പ വിൽക്കുന്നത് പ്രശ്നമല്ല. ഇന്ത്യയുടെ കരുതൽശേഖരമാകട്ടെ നാലു കോടി വീപ്പയിൽ താഴെമാത്രം. ചൈന, ജപ്പാൻ രാജ്യങ്ങൾക്കും ഇന്ത്യയുടെ പതിന്മടങ്ങ് കരുതൽശേഖരമുണ്ട്.
എണ്ണ ഉൽപ്പാദക രാജ്യങ്ങളുമായി നിലവില്‍ ഇന്ത്യയ്ക്ക് നല്ല ബന്ധമാണ്. അമേരിക്കയുടെ തീരുമാനത്തിനു കീഴടങ്ങിയുള്ള നീക്കം ഒപെക് രാജ്യങ്ങളുമായുള്ള അനാവശ്യമത്സരത്തിന് വഴിവെയ്ക്കും. രാജ്യാന്തരവിപണിയില്‍ എണ്ണവിലയില്‍ സ്ഥിരതയുണ്ടാകാന്‍ നയതന്ത്ര പരിഹാരമാണ് വേണ്ടത്. കോവിഡിൽ വിലയിടിഞ്ഞപ്പോൾ വീപ്പയ്ക്ക് 19 ഡോളറിനു വാങ്ങിയ എണ്ണ വിൽക്കുമ്പോൾ പകരം വാങ്ങാൻ നിലവിലെ വിപണിവില നൽകേണ്ടിവരും. വൻതോതിൽ വിദേശനാണ്യം ചെലവിടേണ്ടിവരും. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയാണ്. പ്രതിദിനം 42 ലക്ഷം വീപ്പ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. എണ്ണ ഉപയോഗത്തിൽ ലോകത്തെ മൂന്നാമത്തെ രാജ്യമായ ഇന്ത്യ ഉൽപ്പാദനത്തിൽ 20–-ാം സ്ഥാനത്താണ്. ലോകത്തെ എണ്ണനിക്ഷേപത്തിന്റെ 0.29 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്.