ന്യൂഡൽഹി
വിളകൾക്ക് അർഹമായ മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കണമെന്ന കർഷകആവശ്യത്തിന് 20 വർഷത്തെ പഴക്കം. ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ദേശീയ കാർഷിക കമീഷൻ 2006ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള തുക നിശ്ചയിക്കണമെന്നാണ് നിർദേശിച്ചത്. ഉൽപ്പാദനച്ചെലവ് കണക്കാക്കാൻ എ2, എ2 പ്ലസ് എഫ്എൽ, സി2 എന്നിങ്ങനെ മൂന്നുതരമായി തിരിക്കാനും നിർദേശിച്ചു. വിത്ത്, വളം, കീടനാശിനി, ഇന്ധനം, ജലസേചനം, കൂലി എന്നിവയ്ക്കായി മൊത്തം ചെലവിട്ടത് കൂട്ടിച്ചേർത്തതാണ് എ2 രീതിയിൽ ചെലവ് കണക്കാക്കുന്നത്. ഇതോടൊപ്പം കർഷകകുടുംബത്തിന്റെ തൊഴിൽസംഭാവന കൂടിവരുന്നതാണ് എ2 പ്ലസ് എഫ്എൽ. കൃഷിഭൂമിക്കായി ചെലവിട്ട തുകയുടെ പലിശ ചെലവിൽ ഉൾപ്പെടുത്തുന്നതാണ് സി2.
എന്നാൽ, ഇത് നിയമപരമാക്കാൻ പിന്നീടുവന്ന കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറായില്ല. പൊതുനിക്ഷേപം കുറഞ്ഞതും കൃഷി സബ്സിഡി വെട്ടിക്കുറച്ചതും കർഷകരുടെയും ബുദ്ധിമുട്ട് വർധിപ്പിച്ചു. ചെലവുപോലും തിരിച്ചുകിട്ടാതായി. ധനസ്ഥാപനങ്ങളിൽനിന്നുള്ള സഹായം ലഭിക്കുന്നതിൽ നേരിട്ട പ്രയാസം കൊള്ളപ്പലിശക്കാരുടെ കെണിയിൽ കർഷകരെ കുടുക്കി.
ബിജെപി 2014ലെ പ്രകടനപത്രികയിൽ കർഷകർക്ക് ഉൽപ്പാദനച്ചെലവും 50 ശതമാനവും ചേർത്തുള്ള എംഎസ്പി വാഗ്ദാനം ചെയ്തു. എന്നാൽ, മിനിമം താങ്ങുവിലയിൽ നാമമാത്ര വർധനയാണ് വരുത്തിയത്. മിനിമം താങ്ങുവിലയിൽ ഉണ്ടായ 3–-4 ശതമാനം വർധന കുതിച്ചുയർന്ന ഉൽപ്പാദനച്ചെലവ് നേരിടാൻ പര്യാപ്തമായിരുന്നില്ല. സംഭരണം വെട്ടിക്കുറയ്ക്കാൻ എഫ്സിഐയുടെ പ്രവർത്തനം പരിമിതപ്പെടുത്താനും ശ്രമിച്ചു. പുതിയ കാർഷികനിയമം കൂടി വന്നാൽ സ്വകാര്യകമ്പനികൾ എംഎസ്പിയെ പൂർണമായും അട്ടിമറിക്കും.