വിയന്ന
ഇറാൻ ആണവ കരാർ പുതുക്കുന്നതിന് 29ന് ലോകരാഷ്ട്രങ്ങളുമായി വിയന്നയിൽ അനൗദ്യോഗിക ചര്‍ച്ച തുടങ്ങാനിരിക്കെ പ്രകോപനവുമായി ഇസ്രയേല്‍. ഇറാൻ മറ്റ് രാജ്യങ്ങളുമായുണ്ടാക്കുന്ന ഉടമ്പടികൾ തങ്ങളെ ബാധിക്കില്ലെന്നും ഇറാനെതിരായ നീക്കം ശക്തിപ്പെടുത്താൻ തയ്യാറാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് പറഞ്ഞു.
ചര്‍ച്ചക്ക് മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റാഫേൽ മരിയാനോ ഗ്രോസ്സി ഇറാൻ ആണവോർജ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഇറാനിൽ കൂടുതൽ പരിശോധനയ്ക്ക് അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചു. ഫെബ്രുവരിക്കുശേഷം ഗ്രോസ്സിയുടെ മൂന്നാം തെഹ്റാൻ സന്ദർശനമാണിത്.
എന്നാൽ, ചില രാജ്യങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകരുതെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് സഈദ് ഖതിബ്സാദേ അന്താരാഷ്ട്ര ആണവോർജ ഏജൻസിയോട് ആവശ്യപ്പെട്ടു.
അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികല്‍ ഇറാനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും.