ന്യൂഡൽഹി
ഇതിഹാസം രചിച്ച കർഷകപ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിൽ വിദേശത്തടക്കം ഐക്യദാർഢ്യ പരിപാടി നടക്കും. ഇതിനായി സംയുക്ത കിസാൻ മോർച്ച (എസ്കെഎം)യുടെയും കേന്ദ്ര ട്രേഡ് യൂണിയൻ ഐക്യവേദിയുടെയും സംയുക്തയോഗം വ്യാഴാഴ്ച ചേരും. കർഷകനേതാവായിരുന്ന സർ ചോട്ടുറാം ജയന്തി ബുധനാഴ്ച തൊഴിലാളി, കർഷക പ്രക്ഷോഭദിനമായി ആചരിക്കും. വെള്ളിയാഴ്ച ഡൽഹി മേഖലയിലെ സമരകേന്ദ്രങ്ങളിൽ കർഷകരുടെ വൻസമ്മേളനവും ഹൈദരാബാദിൽ മഹാധർണയും നടക്കും. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലിയുണ്ടാകും. പകൽ 12 മുതൽ രണ്ടുവരെ (ഗ്രീനിച്ച് സമയം) ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു മുന്നിൽ പ്രതിഷേധം നടക്കും. ക്യാനഡയിൽ വാൻകൂവറിലും സറീയിലും 26–-27നു രാത്രി പ്രതിഷേധം നടക്കും. 30നു പാരീസിലും ഡിസംബർ നാലിന് കലിഫോർണിയയിലും ന്യൂയോർക്കിലും പ്രതിഷേധം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വാഷിങ്ടൺ, ടെക്സസ്, വിയന്ന, സാൻജോസ് തുടങ്ങിയ നഗരങ്ങളിലും പരിപാടി നടക്കും.
അതേസമയം, കർഷകപ്രക്ഷോഭകരെ ഖലിസ്ഥാൻവാദികളായി ചിത്രീകരിച്ച ‘സീന്യൂസ്’ ചാനലിന്റെ നടപടി മാധ്യമ നൈതികതയ്ക്ക് നിരക്കുന്നതല്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി വിധിച്ചു. ചെങ്കോട്ടയിൽനിന്ന് ദേശീയപതാക നീക്കിയെന്ന വ്യാജവാർത്തയും ഈ ചാനൽ നൽകി. ഈ വീഡിയോ ഉടൻ നീക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.