ന്യൂഡൽഹി
രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്ക് അടിസ്ഥാനം കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കാരങ്ങളാണെന്നും ബിജെപിയും കോൺഗ്രസും ഇതിന് ഒരുപോലെ ഉത്തരവാദികളാണെന്നും അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു. കാർഷിക മേഖലയിലും കോർപറേറ്റ് അനുകൂല നയങ്ങൾ നടപ്പാക്കാനാണ് കേന്ദ്രത്തിൽ കോൺഗ്രസ്–- ബിജെപി സർക്കാരുകൾ ശ്രമിച്ചത്.
കാർഷിക വിപണന സമിതികൾ (എപിഎംസി) ഇല്ലാതാക്കുമെന്നും അവശ്യവസ്തു നിയമം പിൻവലിക്കുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. സ്വകാര്യമേഖലയ്ക്കും കോർപറേറ്റുകൾക്കും പൂർണ സ്വാതന്ത്ര്യം നൽകുംവിധം കാർഷികമേഖലയെ നിയന്ത്രണമുക്തമാക്കുമെന്നും പറഞ്ഞു. ഇതേ കാര്യങ്ങളാണ് മോദി സർക്കാർ നടപ്പാക്കിയത്. ആസിയാൻ കരാറടക്കമുള്ളവ നടപ്പാക്കിയതും കോൺഗ്രസ് സർക്കാരാണ്. രാഹുൽ ഗാന്ധി ട്രാക്ടറോടിച്ചതുകൊണ്ടാണ് നിയമങ്ങൾ പിൻവലിക്കപ്പെട്ടതെന്ന അവകാശവാദം പരിഹാസ്യമാണ്. നയസമീപനത്തിലെ പിഴവുകൾ തിരുത്താൻ കോൺഗ്രസ് തയ്യാറാകണം.
ദേശീയതലത്തിൽ കർഷകസമരം കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായ പൊതുസമരമായി. തൊഴിലാളികളും വർഗ–- ബഹുജന വിഭാഗങ്ങളും സമരത്തിന് പിന്തുണയുമായെത്തി. കോർപറേറ്റ് കൊള്ളലാഭത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ തൊഴിലവകാശങ്ങളെല്ലാം കവരുകയാണ്. തൊഴിൽ ചട്ടങ്ങൾ ഉദാഹരണം. തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുന്നതടക്കം ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങൾക്ക് കർഷകസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മിനിമം താങ്ങുവില നിയമം കൊണ്ടുവരിക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നേടുംവരെ പ്രക്ഷോഭം തുടരും. 500 സംഘടന ഉൾപ്പെട്ട സംയുക്ത കിസാൻമോർച്ച ഐക്യത്തോടെ ഭാവി പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും–- വിജു കൃഷ്ണൻ പറഞ്ഞു.