ന്യൂഡൽഹി> കർഷകസമരം ഭാവി പ്രക്ഷോഭങ്ങൾക്ക് ഊർജമാകുമെന്ന് അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ ദേശാഭിമാനിയോട് പറഞ്ഞു.
കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരു വർഷമായി തുടരുന്ന സമരത്തിന്റെ വിജയമാണ്. അവകാശ പോരാട്ടങ്ങൾ വിജയം കാണുമെന്നതിന് തെളിവാണിത്. ഒരു കാര്യത്തിൽ മാത്രമാണ് ദുഃഖമുള്ളത്. ഇക്കാലയളവിൽ എഴുനൂറ്റമ്പതിലേറെ കർഷകർ രക്തസാക്ഷികളായി. ഇതിൽ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട അഞ്ചുപേരുമുണ്ട്. മോദി സർക്കാരിന്റെ കടുംപിടിത്തമാണ് ഇവരുടെ ജീവനെടുത്തത്.സമരത്തെ വിജയത്തിലെത്തിച്ച എല്ലാ കർഷകരെയും അഭിവാദ്യംചെയ്യുന്നു. കേരളത്തിലുംമറ്റും വലിയ പിന്തുണയുണ്ടായി. തൊഴിലാളികളുടെ പിന്തുണയും നിർണായകമായി. കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ എല്ലാവരും പിന്തുണച്ചു.
നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് സർക്കാരിന് പിന്നോക്കം പോകാനാകില്ല. എംഎസ്പി നിയമപരമാക്കണം. പ്രധാനമന്ത്രി ഈ വിഷയം പരാമർശിച്ചിട്ടില്ല. 25 വർഷത്തിൽ നാലു ലക്ഷം കർഷകരുടെ ആത്മഹത്യക്ക് കാരണമായത് വിലയിടിവാണ്. മോദി സർക്കാരിന്റെ ഏഴു വർഷത്തിൽമാത്രം ഒരു ലക്ഷം കർഷക ആത്മഹത്യ. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം. വൈദ്യുതിമേഖലയപ്പാടെ സ്വകാര്യവൽക്കരിക്കുന്നത് നിരക്കുവർധനയുണ്ടാക്കും.
തൊഴിൽ ചട്ടങ്ങൾ പിൻവലിക്കണം. രാജ്യമാകെ വിറ്റുതുലയ്ക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്ന നയവും മാറണം. ഇന്ധന വിലവർധനയടക്കം മൊത്തത്തിലുള്ള വിലക്കയറ്റം ഗുരുതരമാണ്. ഇതെല്ലാം ഉയർത്തിയുള്ള ദേശീയ പ്രക്ഷോഭം വൈകാതെയുണ്ടാകും.
ഇപ്പോഴത്തെ പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് മോദി കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. മറ്റ് വിഷയങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളെ സർക്കാരിന് അഭിമുഖീകരിക്കേണ്ടി വരും. പൊരുതുക, ജയിക്കുക–- അതാണ് കർഷകസമരം നൽകുന്ന സന്ദേശം–- ധാവ്ളെ പറഞ്ഞു.