ന്യൂഡൽഹി
കാർഷിക മേഖലയിലേക്കുകൂടി കടന്നുകയറി കൊള്ളലാഭത്തിന് അവസരം ഒരുക്കിയ കാർഷിക നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പിൻവലിച്ചതിന്റെ രോഷത്തിൽ വൻകിട കുത്തകകൾ.
രാജ്യത്തിന് ഏറെ ‘നേട്ട’മാകുമായിരുന്ന പരിഷ്കരണ നടപടികളിൽനിന്ന് വോട്ട് മാത്രം ലക്ഷ്യമിട്ട് ബിജെപി സർക്കാർ പിന്നോക്കം പോയെന്നാണ് കോർപറേറ്റുകളുടെ ആക്ഷേപം. വൻകിട സ്വകാര്യ കമ്പനികൾ ഏറെ സജീവമായിട്ടുള്ള ഭക്ഷ്യസംസ്കരണ മേഖലയ്ക്കാകും ഏറെ തിരിച്ചടിയെന്നും കോർപറേറ്റ് ലോബി പ്രചരിപ്പിക്കുന്നു.
കോർപറേറ്റുകളുടെ രോഷം വൻകിട കുത്തകകൾ നിയന്ത്രിക്കുന്ന ‘ടൈംസ് ഓഫ് ഇന്ത്യ’യുടെയും ‘ഹിന്ദുസ്ഥാൻ ടൈംസി’ന്റെയും മുഖപ്രസംഗങ്ങളിൽ നിന്നുതന്നെ വ്യക്തം. കാർഷിക നിയമങ്ങൾ ഒരു സുപ്രധാന സാമ്പത്തിക ചുവടുവയ്പായിരുന്നുവെന്ന് വിശ്വസിക്കുന്നതായി ബിർള കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ ടൈംസ് മുഖപ്രസംഗത്തിൽ തുറന്നെഴുതി. വിപണി ഉദാരീകരണത്തിലൂടെയും വ്യവസായങ്ങൾക്ക് അവസരമൊരുക്കിയും കാർഷികമേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരണം. മോദി സർക്കാർ കൂടിയാലോചന കൂടാതെ നിയമങ്ങൾ കൊണ്ടുവന്നതാണ് പ്രശ്നമായത്–- മുഖപ്രസംഗം തുടർന്നു.
ബെന്നറ്റ് ആൻഡ് കോൾമാന്റെ ടൈംസ് ഓഫ് ഇന്ത്യയും നിരാശ മറച്ചുപിടിച്ചില്ല. എല്ലാവരുടെയും സമൃദ്ധി ഉറപ്പാക്കാൻ വലിയ തോതിൽ പരിഷ്കാരങ്ങൾ ആവശ്യമായ രാജ്യത്ത് കാർഷിക നിയമങ്ങൾ പിൻവലിച്ചത് ലിബറൽ പരിഷ്കാരങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം നിരാശാജനകമായ സന്ദേശമാണ് നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ആശങ്കകൾ പിന്നോക്കം പോക്കിന് ന്യായമല്ല. തെറ്റായ രീതിയിലാണ് നിയമങ്ങൾ കൊണ്ടുവന്നത്. കൃഷിയിടം കോർപറേറ്റുകൾക്ക് പാട്ടത്തിന് നൽകാമെന്നതുപോലുള്ള വ്യവസ്ഥകൾ കമ്യൂണിസ്റ്റുകൾക്ക് അവസരമൊരുക്കി–- പത്രം അഭിപ്രായപ്പെട്ടു.