യുഎസ്> പ്രണയത്തിന്റെ ഭാഷയാണെങ്കിലും സഹായത്തിന്റെ ഭാഷയാണെങ്കിലും പരസ്യം കൊടുക്കാതെ പങ്കുവെക്കുന്നതാണ് മഹത്വമെന്നും അല എന്ന സംഘടനയെ വ്യത്യസ്തമാക്കുന്നത്, ഈ തത്വം പാലിച്ചുള്ള പ്രവര്‍ത്തനമാണെന്നും ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തവണ തീരം തള്ളിയാലും വീണ്ടും തഴുകുന്ന മൃദുലമായ തിര പോലെ സ്നേഹത്തിന്റെ എല്ലാ അക്ഷരങ്ങളും എഴുതുന്ന തീരത്തിലേക്ക് എത്താന്‍ അലക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
നവംബര്‍ ആറിന് നടന്ന അലയുടെ വാര്‍ഷിക സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചത് എഴുത്തുകാരി ആര് രാജശ്രീയും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍ പി ചന്ദ്രശേഖരനുമാണ്. ടെക്നോക്രാറ്റ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയിലുള്ളവര്‍ കലയെ എങ്ങനെ സമീപിക്കും എന്നതടക്കമുള്ള മുന്‍വിധിയോടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയാണ് അലയുടെ പ്രവര്‍ത്തനങ്ങളെന്ന് ആര് രാജശ്രീ അഭിപ്രായപ്പെട്ടു. കേരളത്തിലുള്ളവരിലും ഗൗരവമായാണ് കലയേയും സാഹിത്യത്തേയും പ്രവാസികള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. കലയെ സ്നേഹിക്കുന്ന ഒരു സംഘമാളുകള്‍ ലോകത്തിന്റെ പലയിടങ്ങളിലിരുന്ന് പരസ്പരം തൊടുന്നു എന്നതാണ് അലയുടെ ഏറ്റവും വലിയ സൗന്ദര്യം. അഴുക്കിനെ കഴുകി വൃത്തിയാക്കിയെടുക്കുക എന്നതാണ് അല ചെയ്യുന്നത്. ആ അര്‍ഥത്തില്‍ ഏറ്റവും സൗന്ദര്യാത്മകമായ പേരാണ് അലയുടേതെന്നും രാജശ്രീ പറഞ്ഞു. മനുഷ്യനെ വീണ്ടും വീണ്ടും മനുഷ്യത്വത്തിലേക്ക് പുതുക്കിക്കൊണ്ടിരിക്കുന്ന സംഘടനയാണ് അലയെന്ന് എന്‍ പി ചന്ദ്രശേഖരന് പറഞ്ഞു. ഐക്യകേരളം ഉണ്ടാകുന്ന സമയത്ത് മറുനാടന്‍ മലയാളികള്‍ക്കുള്ളതാണ് ഐക്യകേരളമെന്ന ചിന്തയാണ് വയലാറും കവിതയിലൂടെ പങ്കുവെച്ചത്. നാടിന് വിഷമം വന്നപ്പോള്‍ അല താങ്ങായി നിന്നത് വയലാറിന്റെ വരികള്‍ ശരിവെക്കുകയാണ്. അടുത്ത തലമുറയെ നഷ്ടപ്പെട്ട മലയാളികളായി മാറ്റാതിരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അല അക്കാദമിയാണ് സംഘടന ചെയ്യുന്ന ഏറ്റവും വലിയ കാര്യങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
വയലാറിന്റെ ”മാറ്റുവിന്‍ ചട്ടങ്ങളേ” എന്ന ഗാനം നയന പ്രകാശ് ആലപിച്ചതോടെയാണ് യോഗത്തിന് തുടക്കമായത്. വയലാറിനെ അനുസ്മരിച്ചുകൊണ്ടാണ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും മറ്റ് അതിഥികളും സംസാരിച്ചതും. അല പ്രസിഡന്റ് ഷിജി അലക്സ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം ലീസാ മാത്യു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അല ചെയര്മാന് ഡോ രവി പിള്ളൈ അലയുടെ നാള്‍വഴിയെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി കിരണ്‍ ചന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ജോയിന്റ് ട്രഷറര്‍ പ്രദീപ് പിള്ളൈ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കോവിഡ് മഹാമാരി കാലത്ത് കേരള സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ രംഗത്ത് നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും , ലോകമെമ്പാടുമുള്ള ആരോഗ്യ മേഘലയിലെ പ്രവര്‍ത്തകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ സ്മരിച്ചു കൊണ്ടും അലയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം റീന ബാബു അവതരിപ്പിച്ച പ്രമേയം ദേശീയ എക്സിക്യൂട്ടീവ് അംഗം ലത അജി പിന്താങ്ങിയതോടെ പ്രമേയം പാസ്സാക്കിയതായി സെക്രട്ടറി അറിയിച്ചു.
തുടര്‍ന്നായിരുന്നു അലയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. രണ്ടു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷമാണ് പുതിയ നേതൃത്വം ചുമതലയേറ്റത്. നിലവിലെ പ്രസിഡന്റ് ഷിജി അലക്സ് നേതൃസ്ഥാനത്ത് തുടരണമെന്ന തീരുമാനം പോലെ തന്നെ, ദേശീയതലത്തിലെ മറ്റു അഞ്ച് സ്ഥാനങ്ങളിലേക്കും ഉള്ള സ്ഥാനാര്‍ത്ഥികളെയും മത്സരമില്ലാതെയാണ് അംഗങ്ങളും ദേശീയ എക്സിക്യൂട്ടീവും ഏകകണ്ഠമായി തീരുമാനിച്ചത്.
പുതിയ സെക്രട്ടറിയായി ഐപ്പ് സി വര്‍ഗീസിനെ തെരഞ്ഞെടുത്തു. ലീസ മാത്യു വൈസ് പ്രസിഡന്റും പ്രദീപ് പിള്ളൈ ട്രഷററും റീന ബാബു ജോയിന്റ് സെക്രട്ടറിയുമാകും. വിനോദ് ചെറിയാനാണ് ജോയിന്റ് ട്രഷറര്‍. അശോക് പിള്ളൈ, ജസ്റ്റിന് വര്‍ഗീസ് , രമേശ് നായര്‍, വിദ്യ രാജേഷ്, ജിന ഡിക്രൂസ്, ഹരീഷ് കൃഷ്ണന്‍കുട്ടി, ശ്രീജയന്‍ എവി എന്നിവരാണ് മറ്റ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍. ദേശീയ സമ്മേളനത്തിന് രണ്ടു മാസം മുമ്പ് തന്നെ വാര്‍ഷിക അംഗത്വ പരിപാടി ആരംഭിച്ചു കഴിഞ്ഞു.അലയുടെ വിവിധ ചാപ്റ്ററുകളുടെ സമ്മേളനം ഈ കാലയളവില്‍ നടന്നു. ചാപ്റ്റര്‍ ഭാരവാഗികളേയും ദേശീയ എക്സിക്യൂട്ടീവില്‍ പ്രഖ്യാപിച്ചു.
വലിയ പ്രതീക്ഷകളോടെയാണ് അല അടുത്ത രണ്ടു വര്‍ഷങ്ങളെ ഉറ്റു നോക്കുന്നതെന്ന് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷിജി അലക്സ് പറഞ്ഞു. വൈവിധ്യങ്ങളായ പദ്ധതികളാണ് അല ഇത്തവണയും മുന്നോട്ടു വയ്ക്കുന്നതെന്നും അവ യാഥ്യാര്ഥ്യമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളിക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷിജി പറഞ്ഞു. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഐപ്പ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. അല കഴിഞ്ഞ വര്‍ഷം കലാ സാംസ്കാരിക രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും പൊതു സേവന രംഗത്ത് നടത്തിയ ഇടപെടലുകളും അമേരിക്കക്ക് പുറമേ കേരളത്തിലും വലിയ ചര്‍ച്ചയായിരുന്നു. അല അക്കാദമി, അല സ്കോളര്‍ഷിപ്പ്, അല കെയര്‍ എന്നീ പരിപാടികള്‍ നല്ല പങ്കാളിത്തത്തോടെയാണ് മുന്നോട്ട് പോകുന്നത്. അലയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് പല തവണയായി സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിട്ടുമുണ്ട്. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തി ഇനിയും മികച്ച പരിപാടികളോടെ മുന്നോട്ട് പോകാനാണ് അല നേതൃത്വത്തിന്റെ തീരുമാനമെന്ന് പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു.