കൊച്ചി > ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. ദിവസവും നൂറുകണക്കിന് ആളുകളാണ് തട്ടിപ്പിനിരയാകുന്നത്. കോവിഡ് മഹാമാരി വരുത്തിവച്ച തൊഴില്‍ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന തട്ടിപ്പുകാരുടെ വലയില്‍ ചെന്ന് ചാടാന്‍ പ്രേരിപ്പിക്കുകയാണ്. സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്താണ് ലോണ്‍ ആപ്പുകള്‍ വഴി വന്‍തട്ടിപ്പ് നടത്തുന്നത്.
പ്ലേ സ്റ്റോറില്‍ ധാരാണം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുണ്ട്. ഇവയില്‍ ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്സി (Non-Banking Financial Company ) ലൈസന്‍സ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20% മുതല്‍ 40% വരെയുള്ള കൊള്ളപ്പലിശയും 10 – 25 % പ്രോസസ്സിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാന്‍ വേണ്ടി ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ.
ഇഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും. പിന്നീട്, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന് പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചക്ക് 1 മുതല്‍ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്. തട്ടിപ്പിനിരയാവുന്നവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുകയാണ്. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കും. ലോണ്‍ തട്ടിപ്പിന്റെ പുതിയ രീതിയെക്കുറിച്ച് ജനുവരിയില്‍ തന്നെ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് നിര്‍ദേശം. തട്ടിപ്പുകള്‍ക്കെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ തന്നെ പരാതി നല്‍കാം.
ഓണ്‍ലൈന്‍ ലോണ്‍ കമ്പനികള്‍ക്കെതിരെ ധാരാളം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൊബൈല്‍ ആപ്പ് വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍, സി.ബി.ഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നുണ്ട്.