ശ്രീനഗർ
ജമ്മു കശ്മീരിൽ ഹൈദർപോറയില് സൈന്യം വെടിവെച്ചുകൊന്ന രണ്ടു ബിസിനസുകാരുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളുടെ പ്രതിഷേധം. സുരക്ഷാസേനയുടെ ഭീകരവിരുദ്ധ ഒപ്പറേഷനിടെ ഡോ. മുദാസിർ ഗുൽ, അൽതാഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഭീകരരുടെ സഹായിയല്ലെന്നും മകൾക്ക് അവസാനമായി അച്ഛന്റെ മുഖം കാണാൻ അനുവദിക്കണമെന്നും മുദാസിറിന്റെ ഭാര്യ ഹുമൈറ ഗുൽ ആവശ്യപ്പെട്ടു.
പാകിസ്ഥാനി ഭീകരൻ ഹൈദർ, സാഹയി മുഹമ്മദ് അമീർ എന്നിവരാണ് ഹൈദർപോറയില് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്. ഗുൽ ഭീകരരുടെ സഹായിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭട്ടിന്റെ കെട്ടിടത്തിലാണ് ഗുൽ കോൾ സെന്റർ നടത്തിയിരുന്നത്. ഇയാളും ഭീകരർക്ക് സഹായം നൽകിയവരിൽ ഉൾപ്പെടുമെന്നും ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. എന്നാൽ, ഗുലും ഭട്ടും ഭീകരരെ സഹായിച്ചെന്ന സേനയുടെ വാദത്തിൽ താഴ്വരയില് വൻ പ്രതിഷേധമുയരുന്നു. ഇവരെ മനുഷ്യകവചമായി സൈന്യം ഉപയോഗിച്ചെന്നാണ് റിപ്പോര്ട്ട്. സംഭവത്തിൽ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.