സാൻഫ്രാൻസിസ്കോ: മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിൽ ഇനി ടൈംലൈൻ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. അതായത് പുതിയ ട്വീറ്റുകൾ ഓട്ടോമാറ്റിക് ആയി ടൈംലൈനിൽ പ്രത്യക്ഷപ്പെടില്ല. ഉപഭോക്താക്കളുടെ ഏറെ നാളത്തെ പരാതിയ്ക്ക് പരിഹാരം കാണുകയാണ് ട്വിറ്റർ ഈ തീരുമാനത്തിലൂടെ.
ടൈംലൈനിൽ ഉപഭോക്താക്കൾ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ പഴയ ട്വീറ്റുകൾ അപ്രത്യക്ഷമാവുകയും പുതിയ ട്വീറ്റുകൾ വരികയും ചെയ്യുന്നത് അവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് ഈ മാറ്റം.
ഇനി മുതൽ പുതിയ ട്വീറ്റുകൾ ടൈംലൈനിൽ പ്രത്യക്ഷപ്പെടണമെങ്കിൽ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടർ ബാറിൽ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകൾ തന്നെയാണ് ടൈംലൈനിൽ കാണാനാവുക.
വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വീറ്റുകൾ അപ്രത്യക്ഷമാവുന്ന പ്രശ്നം പരിഹരിക്കുന്നതിനായി ട്വീറ്റുകൾ പ്രദർശിപ്പിക്കുന്ന രീതിയിൽ മാറ്റം കൊണ്ടുവരുമെന്ന് സെപ്റ്റംബറിൽ ട്വിറ്റർ സൂചന നൽകിയിരുന്നു.
ട്വിറ്ററിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിലും ടൈംലൈൻ ഓട്ടോമാറ്റിക് ആയി റിഫ്രഷ് ആവില്ല. പകരം നാവിഗേഷൻ ബാറിലെ ഹോം ബട്ടനിൽ ക്ലിക്ക് ചെയ്താൽ മാത്രമേ പുതിയ ട്വീറ്റുകൾ വരികയുള്ളൂ.
ട്വിറ്റർ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓട്ടോമാറ്റിക് ആയി ക്രോപ്പ് ചെയ്യില്ലെന്നും അടുത്തിടെ ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. മൊബൈലിൽ നേരത്തെ തന്നെ ഫുൾ സൈസ് ഇമേജ് പ്രിവ്യൂ അവതരിപ്പിച്ചിരുന്നു.
Content Highlights: Twitter timeline, tweets, new update, social media