ദുബായ് > ദുബായ് എയർഷോയ്ക്ക് വർണാഭമായ തുടക്കം. നവംബർ 14 മുതൽ 19വരെ ദുബായ് വേൾഡ് സെൻട്രൽ എയർഷോ ഗ്രൗണ്ടിലാണ് എയർഷോ ഒരുങ്ങുന്നത്. 16 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമും ഇത്തവണ എയർഷോയിൽ പങ്കെടുക്കുന്നുണ്ട്. 2005-ലെ അൽ ഐൻ ഗ്രാൻഡ് പ്രിക്സിലാണ് ഇന്ത്യൻ ടീം അവസാനമായി പങ്കെടുത്തത്.
ബഹുവർണങ്ങൾ എന്നർത്ഥമുള്ള ടീം സാരംഗ്, സൂര്യകിരൺ, തേജസ് എയ്റോബാറ്റിക്സ് ടീമുകൾക്കൊപ്പമാണ് ഇന്ത്യ പങ്കെടുക്കുന്നത്. സൗദി ഹോക്സ്, റഷ്യൻ നൈറ്റ്സ്, യുഎഇയുടെ അൽ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്സ്, ഡിസ്പ്ലേ ടീമുകളുടെ വർണാഭമായ വ്യോമാഭ്യാസങ്ങളാണ് ഈ പ്രദർശനത്തിൽ ഒരുങ്ങുന്നത്.
സ്കൈവ്യൂ ഗ്രാൻഡ് സ്റ്റാൻഡിൽ നിന്നും കാണികൾക്ക് എയർഷോ വീക്ഷിക്കാനാകും. 1989ൽ തുടങ്ങിയ എയർഷോയുടെ ഏറ്റവും വലിയ ഷോയാണ് ഇക്കുറി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 370 കമ്പിനികളുടെ പങ്കാളിത്തമുള്ള ഷോയിൽ മൊത്തം 150 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്.