ന്യൂഡൽഹി > ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നടപ്പിലാക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഡൽഹിയിൽ മാത്രം ലോക്ഡൗൺ നടപ്പാക്കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലെന്നും ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലും ലോക്ഡൗൺ നടപ്പാക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ഉടനടി പരിഹാരം കാണാൻ കേന്ദ്ര‐ഡൽഹി സർക്കാരുകൾക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അതിന് സത്യവാങ്മൂലം മറുപടി നൽകുകയായിരുന്നു ഡൽഹി സർക്കാർ.