ചെന്നൈ
തമിഴ്നാട്ടിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതം തുടരുന്നു. ചെന്നൈയിൽ ഏകദേശം 600 പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമം തുടരുകയാണെങ്കിലും ഇതുവരെ പൂര്‍ണമായി വിജയിച്ചിട്ടില്ല.
വാണിജ്യകേന്ദ്രങ്ങളായ ടിനഗര്‍, ഒഎംആര്‍, ആല്‍വാര്‍പേട്ട് എന്നിവിടങ്ങള്‍ വെള്ളക്കെട്ട് തുടരുന്നു. വെള്ളം കയറിയ കെകെ നഗറിലെ ഇഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ടിബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകിട്ടോടെ ഒഴിപ്പിച്ചു. ശുചീകരണം പൂര്‍ത്തിയാക്കിയശേഷമേ ഇവ തുറക്കൂ.അതേസമയം, ആൻഡമാന്‍ ദ്വീപിനു സമീപം വെള്ളിയാഴ്ച പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇതിന്റെ സഞ്ചാരദിശ ഇതുവരെ വ്യക്തമായില്ലെങ്കിലും തമിഴ്നാടിന്റെ തീരത്തേക്ക് എത്തുമോ എന്ന ആശങ്കയുണ്ട്.മഴക്കെടുതിയിൽ ഇതുവരെ 14 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ മുടിച്ചൂർ, പെരുങ്ങലത്തൂർ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ട നിലയില്‍. അതേസമയം, മഴക്കെടുതി വിലയിരുത്താൻ ചെങ്കൽപേട്ടിലെ കീഴ്കോട്ടയ്യൂരിലെ ഒരു ചായക്കടയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എത്തി. പ്രളയദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പമിരുന്ന് സ്റ്റാലിൻ ചായ കുടിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം, മരംവീണ് പരിക്കേറ്റ യുവാവിനെ സ്വന്തം ചുമലില്‍ താങ്ങി ആശുപത്രിയിലെത്തിച്ച പൊലീസ് ഇന്‍സ്പെക്ടറെ സ്റ്റാലിൻ വിളിച്ചുവരുത്തി അഭിനന്ദിച്ചു.