ന്യൂഡൽഹി
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചെറിയ പ്രായംമാത്രം കണക്കിലെടുത്ത് പ്രതിക്ക് വധശിക്ഷ നൽകാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ചു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്താണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
40 വർഷത്തിനിടെ ബലാത്സംഗ, കൊലപാതക കുറ്റങ്ങൾക്ക് വിചാരണക്കോടതിയോ ഹൈക്കോടതിയോ വധശിക്ഷ വിധിച്ച അറുപത്തേഴോളം കേസിലെ വിധി സുപ്രീംകോടതി പുനഃപരിശോധിച്ചു. 16 വയസ്സിനു താഴെയുള്ള ഇരകളുള്ള 12 കേസിൽ മാത്രമാണ് സുപ്രീംകോടതി വധശിക്ഷ ശരിവച്ചത്. ഇരയുടെ പ്രായംമാത്രം കണക്കിലെടുത്ത് പരമാവധി ശിക്ഷ നൽകുന്ന പ്രവണത കോടതിക്ക് ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നും കോടതി പറഞ്ഞു.