തിരുവനന്തപുരം
കെഎസ്ആർടിസിയുടെ കോഴിക്കോട് ബസ് ടെർമിനൽ നിർമാണത്തിലെ അഴിമതിയുടെയും ക്രമക്കേടിന്റെയും ഉത്തരവാദികളെ വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി എസ് ശിവകുമാർ, ആര്യാടൻ മുഹമ്മദ് എന്നിവർ വകുപ്പ് മന്ത്രിമാരായിരുന്ന കാലയളവിലായിരുന്നു നിർമാണം. ജേക്കബ് തോമസും ടി പി സെൻകുമാറുമായിരുന്നു എംഡിമാർ. ടെർമിനൽ ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ്. മറ്റൊരു പാലാരിവട്ടമാണോ ഈ ടെർമിനലെന്ന് ഉടൻ അറിയാം. ടി സിദ്ദിഖിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
2009ൽ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് 2011–-16 കാലത്തെ യുഡിഎഫ് സർക്കാർ നിർമിച്ചത്. കോംപ്ലക്സ് വാടകയ്ക്ക് കൊടുത്തത് നിബന്ധനകൾ അനുസരിച്ച് യോഗ്യതയുള്ളവർക്കാണ്. നാലാം ടെൻഡറിൽ ഏറ്റവും കൂടിയ തുകയായ 257 കോടി രൂപ അംഗീകരിച്ചത് ഇപ്പോഴത്തെ സാഹചര്യവും വിപണിമൂല്യവും വിലയിരുത്തിയാണ്. മദ്രാസ് ഐഐടിയുടെ വിശദ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബസ് ബേ ഫ്ലോർ പ്രവർത്തനം നിർത്തിവച്ചത്. നിർദേശങ്ങൾ നൽകാനായി വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.