ന്യൂഡൽഹി
അരുണാചൽ അതിർത്തിയിൽ ചൈന നാലര കിലോമീറ്റർ അതിക്രമിച്ചു കയറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പെന്റഗൺ റിപ്പോർട്ട് ശരിയല്ലെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. അരുണാചലിലെ സുബൻസിരി ജില്ലയിൽ ചൈനീസ് സേന ഇന്ത്യൻ അതിർത്തി കടന്ന് നൂറോളം വീടുകളുള്ള ഗ്രാമം നിർമിച്ചതായാണ് യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ പറയുന്നത്. 2020ലാണ് നിർമാണമെന്നും പെന്റഗൺ ഉപഗ്രഹ ചിത്രങ്ങളെ ആധാരമാക്കി അവകാശപ്പെട്ടു.
പെന്റഗൺ റിപ്പോർട്ടിലെ കണ്ടെത്തലിനെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ഖണ്ഡിച്ചിട്ടില്ല. ദശകങ്ങളായി ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് നിർമാണമെന്നാണ് എഎൻഐ റിപ്പോർട്ട്. 1959ൽ അസം റൈഫിൾസിന്റെ നിയന്ത്രണത്തിലായിരുന്ന ലോങ്ജുവിലെ അതിർത്തി പോസ്റ്റ് ചൈന ആക്രമിച്ച് പിടിച്ചെടുത്തിരുന്നു. ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതിന് പിന്നാലെയായിരുന്നു ഇത്.
ഇന്ത്യ പിന്നീട് 10 കിലോമീറ്റർ തെക്ക് മാറി പുതിയ പോസ്റ്റ് സ്ഥാപിച്ചു. ലോങ്ജുവിലാണ് ചൈനയുടെ ഇപ്പോഴത്തെ നിർമാണങ്ങളെന്നാണ് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നത്.