ന്യൂഡൽഹി
റഫാൽ യുദ്ധവിമാന ഇടപാടിൽ വാജ്പേയി സർക്കാരിന്റെ കാലംമുതൽ കോഴ കൈമാറ്റം നടന്നതായി രേഖകൾ. ആയുധ ഇടനിലക്കാരനായ സുശേൻ ഗുപ്തയുടെ കടലാസ് കമ്പനി ഇന്റർസ്റ്റെല്ലാറിന് റഫാൽ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ദസോയിൽനിന്ന് 2003നും 2006നും ഇടയിൽ 4.15 കോടി രൂപ ലഭിച്ചതിന്റെ രേഖകൾ ദേശീയ മാധ്യമം പുറത്തുവിട്ടു. അഗസ്ത വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്ടർ ഇടപാടിലെ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ൽ ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടും സിബിഐ റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല.
ഐടി സേവനദാതാവായ ഐഡിഎസ് എന്ന കമ്പനിയിൽ മാനേജരായിരുന്ന ധീരജ് അഗർവാളാണ് തന്റെ സ്ഥാപനംവഴി ദസോ ഗുപ്തയുടെ മൗറീഷ്യസിലെ കടലാസ് കമ്പനിയിലേക്ക് പണം ഒഴുക്കിയെന്ന് സിബിഐക്ക് വിവരം നൽകിയത്. പ്രതിഫലമെന്ന അക്കൗണ്ടിൽ ഐഡിഎസിന് ദസോ നൽകുന്ന പണത്തിന്റെ 40 ശതമാനം ഇന്റർസ്റ്റെല്ലാറിന് മറിച്ചുകൊടുക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇത്തരത്തിൽ വാജ്പേയി സർക്കാരിന്റെയും ഒന്നാം യുപിഎ സർക്കാരിന്റെയും കാലത്ത് 4.15 കോടി രൂപയാണ് ഇന്റർസ്റ്റെല്ലാറിന് ലഭിച്ചത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ ഗുപ്ത പ്രതിയായപ്പോഴാണ് ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ ചികഞ്ഞത്. ഇതേത്തുടർന്ന് റഫാൽ ഇടപാടിലും ഗുപ്തയ്ക്ക് കോഴ ലഭിച്ചെന്ന് തെളിവുകൾ ലഭിച്ചിട്ടും സിബിഐ അനങ്ങിയില്ല. 2007–-2012 കാലത്ത് 65 കോടിയോളം രൂപ (ഇന്നത്തെ നിരക്കിൽ 110 കോടി) ഗുപ്തയ്ക്ക് ദസോയിൽനിന്ന് കിട്ടിയതിന്റെ രേഖകൾ കഴിഞ്ഞദിവസം ഫ്രഞ്ച് മാധ്യമം ‘മീഡിയ പാർട്ട്’ പുറത്തുവിട്ടിരുന്നു. ഇതിന്റെ രേഖകളും 2019ൽ സിബിഐക്കും ഇഡിക്കും ലഭ്യമായിട്ടും അന്വേഷിച്ചില്ല.
കാർഗിൽ യുദ്ധത്തെത്തുടർന്ന് നാല് കേന്ദ്ര സർക്കാരുകളുടെ കാലയളവിലൂടെയാണ് റഫാൽ യുദ്ധവിമാന സംഭരണത്തിന്റെ പ്രക്രിയകൾ പൂർത്തീകരിച്ചത്. ഓരോ ഘട്ടത്തിലും ഇടനിലക്കാർക്ക് കോഴ ലഭിച്ചതിന്റെ രേഖകൾ ഇതിനകം പുറത്തുവന്നു. ഫ്രാൻസിലാകട്ടെ റഫാൽ ഇടപാടിൽ മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലന്ദ് അടക്കമുള്ളവരുടെ പേരിൽ ജുഡീഷ്യൽ അന്വേഷണം നടക്കുന്നു.