ന്യൂഡൽഹി
റഫാൽ യുദ്ധവിമാന ഇടപാടിൽ ദീർഘകാലം കോഴ കൈമാറ്റം നടന്നതിന്റെ വിവരം പുറത്തായതോടെ പരസ്പരം പഴിച്ച് ബിജെപിയും കോൺഗ്രസും. 2007–-2012 കാലത്തെ കോഴ ഇടപാടിന് രാഹുൽ ഗാന്ധി സമാധാനം പറയണമെന്ന് ബിജെപി വക്താവ് സംബിത് പാത്ര ആവശ്യപ്പെട്ടു. ഐഎൻസി എന്നാൽ, ‘ഐ നീഡ് കമീഷൻ’ എന്നാണെന്നും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട്ട് വധ്രെ എന്നിവരെല്ലാം ‘ഐ നീഡ് കമീഷൻ’ എന്ന് പറയുന്നവരാണെന്നും പാത്ര ആരോപിച്ചു.
കോഴയെക്കുറിച്ച് ലഭിച്ച വിവരം സിബിഐ മൂടിവച്ചത് മോദിസർക്കാരിന്റെ ഒത്തുകളിക്ക് തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഫ്രഞ്ച് മാധ്യമം ‘മീഡിയ പാർട്ട്’ നടത്തിയ വെളിപ്പെടുത്തലുകൾ രാഹുലും പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയും സൈന്യത്തിന്റെ താൽപ്പര്യങ്ങളും മോദിസർക്കാർ ബലി കഴിച്ചെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
മലക്കം മറിഞ്ഞ് ബിജെപി
റഫാൽ ഇടപാടിൽ അഴിമതിയൊന്നും നടന്നിട്ടില്ലെന്നാണ് മോദിസർക്കാർ ഇതുവരെ വാദിച്ചത്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതി നടന്നുവെന്നായി ഇപ്പോൾ. റഫാലിൽ അന്വേഷണം നടത്താൻ മോദിസർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിക്കാൻ ബിജെപി തയ്യാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ നടത്തിയ പാരിസ് സന്ദർശനത്തിലാണ് റഫാൽ കരാറിനു അന്തിമരൂപമായത്. അന്നത്തെ ചർച്ചകളിലാണ് പൊതുമേഖല സ്ഥാപനം എച്ച്എഎൽ കരാറിൽനിന്ന് പുറത്തായത്. അനിൽ അംബാനിയുടെ കമ്പനിക്ക് പങ്കാളിത്തം ലഭിക്കുകയും ചെയ്തു.