ന്യൂഡൽഹി
ഹെലികോപ്ടർ ഇടപാടിൽ കോഴ നൽകിയതിനെ തുടർന്ന് ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയ ഇറ്റാലിയൻ കമ്പനി അഗസ്ത വെസ്റ്റ്ലാൻഡിന്റെ മാതൃസ്ഥാപനത്തിനുള്ള വിലക്ക് കേന്ദ്രസർക്കാർ നീക്കിയത് വിവാദത്തിൽ. ഫിൻമെക്കാനിക്ക എന്ന് അറിയപ്പെട്ടിരുന്ന ലിയനാർഡോ എസ്പിഎയുടെ വിലക്കാണ് മോദി സർക്കാർ നീക്കിയത്. വിവിഐപികൾക്ക് സഞ്ചരിക്കാൻ 3,600 കോടി രൂപയ്ക്ക് 12 ഹെലികോപ്ടർ വാങ്ങാൻ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറിലാണ് അഴിമതി കണ്ടെത്തിയത്.
ഇതേത്തുടർന്ന് കരാർ റദ്ദാക്കുകയും ഫിൻമെക്കാനിക്കയെ കരിമ്പട്ടികയിൽപ്പെടുത്തുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. റഫാൽ ഇടപാടിലും കോഴ ലഭിച്ച ഇടനിലക്കാരൻ സുശേൻ ഗുപ്ത വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു. വ്യോമസേന മുൻ മേധാവി എസ് ത്യാഗി അടക്കമുള്ളവർ പ്രതികളായ കേസ് കോടതി പരിഗണനയിലാണ്.
കോഴ ഇടപാടിൽ ഇറ്റലിയിലും നിയമനടപടികളുണ്ടായി. ഫിൻമെക്കാനിക്ക ചെയർമാൻ ഗിസപ്പെ ഓർസിക്ക് നാലര വർഷവും അഗസ്ത വെസ്റ്റ്ലാൻഡ് വിഭാഗം തലവൻ ബ്രൂണോ സ്പാഗ്നോലിനിക്ക് നാലു വർഷവും തടവും ശിക്ഷിച്ചു. രണ്ടുപേരും ചേർന്ന് 75 ലക്ഷം യൂറോ പിഴയുമിട്ടു. 2016ൽ ഫിൻമെക്കാനിക്കയെ ലിയനാർഡോ എസ്പിഎ ഏറ്റെടുത്തു.
കമ്പനിക്കെതിരായ ഉപരോധം നീക്കാൻ ഇറ്റലി കേന്ദ്രസർക്കാരിനുമേൽ സമ്മർദം തുടരുകയായിരുന്നു. റോമിൽ കഴിഞ്ഞമാസം നടന്ന ജി–-എട്ട് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി ചർച്ച നടത്തി. ഇതിനുപിന്നാലെയാണ് വിലക്ക് നീക്കാൻ പ്രതിരോധമന്ത്രാലയം തീരുമാനിച്ചത്. നിയമമന്ത്രാലയവുമായി ആലോചിച്ചാണ് തീരുമാനമെന്നും പഴയ കേസുകളെ ഇതു ബാധിക്കില്ലെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. എന്നാൽ, അഗസ്ത വെസ്റ്റ്ലാൻഡ് അഴിമതിക്കേസിനെ സർക്കാരിന്റെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേസിൽ പ്രതിയായ സുശേൻ ഗുപ്തയ്ക്കെതിരെ റഫാൽ ഇടപാടിൽ തെളിവ് ലഭിച്ചിട്ടും സിബിഐ അനങ്ങാതിരുന്നതും ശ്രദ്ധേയമാണ്. മുമ്പ് പറഞ്ഞ കാര്യങ്ങൾ ബിജെപി മറന്നോ എന്ന് കോൺഗ്രസ് പരിഹസിച്ചു.