ന്യൂഡൽഹി
ഐതിഹാസിക കർഷകസമരത്തിന്റെ ഒന്നാം വാർഷികം അതിവിപുലമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. 2020 നവംബർ 26നാണ് ഡൽഹി അതിർത്തി കേന്ദ്രീകരിച്ച് കാർഷിക നിയമങ്ങൾക്കെതിരായ സമരം ആരംഭിച്ചത്. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ഡൽഹി അതിർത്തിയിൽ എത്തും.
മറ്റ് സംസ്ഥാനങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തൊഴിലാളികളും ജീവനക്കാരും കർഷകത്തൊഴിലാളികളും സ്ത്രീകളും യുവജനങ്ങളും വിദ്യാർഥികളും പരിപാടികളിൽ പങ്കാളികളാകും. സംസ്ഥാന തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാകും കർഷകരുടെ ഒത്തുചേരൽ. 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനവേളയിലും കർഷകർ പ്രതിഷേധിക്കും. എല്ലാ ദിവസവും കർഷകർ ട്രാക്ടർ ട്രോളിയിൽ പാർലമെന്റ് സ്ട്രീറ്റിലെത്തി പ്രതിഷേധിക്കും. ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്ന 500 കർഷകർവീതം എത്തും. തികച്ചും സമാധാനപരമായാകും സമരമെന്ന് കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.
എസ്പി ഓഫീസ് ഉപരോധം തുടരുന്നു
കർഷകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഹരിയാനയിലെ ഹൻസിയിൽ കിസാൻ മോർച്ച പ്രവർത്തകർ തിങ്കളാഴ്ച ആരംഭിച്ച എസ്പി ഓഫീസ് ഉപരോധം തുടരുന്നു. അധികൃതരുമായുള്ള ചർച്ച പരാജയപ്പെട്ടു. ബിജെപി എംപി രാം ചന്ദർ ജംഗ്രയെ കരിങ്കൊടി കാട്ടിയതിനാണ് കർഷകർക്കെതിരെ കേസെടുത്തത്. എംപിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്. ഉപരോധം തുടരുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. മുംബൈയിലെ ആസാസ് മൈതാനിയിൽ 28ന് കിസാൻ–- മസ്ദൂർ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ചരമവാർഷിക ദിനത്തിലാണ് മഹാപഞ്ചായത്ത് ചേരുന്നത്. 22ന് ലഖ്നൗവിലും മഹാപഞ്ചായത്ത് ചേരും.