ന്യൂഡൽഹി> ത്രിപുര പൊലീസ് യുഎപിഎ ചുമത്തിയ മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകരും സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമപ്രവർത്തകൻ ശ്യാം മീരാ സിങ്ങും മറ്റുള്ളവരുമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ത്രിപുര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ത്രിപുര കത്തുന്നു’ എന്ന് ട്വീറ്റ് ചെയ്തതിനാണ് ബിജെപി സർക്കാർ തനിക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് ശ്യാംമീരാ സിങ് ചൂണ്ടിക്കാണിച്ചു.
സുപ്രീംകോടതി അഭിഭാഷകരായ എഹ്തേഷാംഹഷ്മി, അമിത് ശ്രീവാസ്തവ, അൻസാർ ഇൻഡോറി എന്നിവർക്കും ത്രിപുര പൊലീസ് യുഎപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. ത്രിപുര പൊലീസ് ഇതുവരെ 102 സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമകൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.