പ്രിയനന്ദനന് സംവിധാനം ചെയ്ത നെയ്ത്തുകാരന് തീയറ്ററില്‍ എത്തിയിട്ട് ഇരുപതുവർഷം തികയുമ്പോഴും ആ ജനകീയ സിനിമ ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നു. മികച്ചനടനുള്ള ദേശീയ പുരസ്ക്കാരവും 2001 ലെ കേരള സംസ്ഥാന പുരസ്കാരവും മുരളിയ്ക്ക് നേടിക്കൊടുത്ത ഈ ചിത്രം നവാഗത സംവിധായകനുള്ള അവാര്‍ഡിന് പ്രിയനന്ദനനെയും അര്‍ഹനാക്കി
‘ഇ എം എസ് മരിച്ചു. ഇ എം എസിന്റെ ഓര്‍മ്മയില്‍ കഴിയുന്ന അപ്പ മേസ്തിരിയുണ്ട്. അപ്പ മേസ്തിരിയുടെ ഓര്‍മ്മകളും ഇ. എം. എസും വര്‍ത്തമാനകാലവും ഒക്കെയാണ് കഥ…’ ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി സംഘാടകനുമായ വികെ ജോസഫിന്റെ കൂടെ തന്നെ കാണാനെത്തിയ ചെറുപ്പക്കാരനോട് കഥ പറയാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഇത്രമാത്രം. നടന് മുരളി ആ ചെറുപ്പക്കാരനെ സാകൂതം നോക്കി. പി ടി കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോമിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന പരിചയം മാത്രമാണ് ചെറുപ്പക്കാരന്റെ കൈമുതല്‍. അതും മൂന്നാമത്തെയോ നാലാമത്തെയോ അസിസ്റ്റന്റ് ഡയറക്ടര്‍.
പ്രിയനന്ദനന്
തിരക്കഥ മുരളിക്ക് വായിക്കാന്‍ കൊടുത്തു അന്ന് അവര്‍ മടങ്ങി. അപ്പ മേസ്തിരിയുടെ ഓര്‍മ്മകളില്‍ തിടംവെക്കുന്ന ഇ എം എസ് എന്ന യുഗപ്രഭാവനായ കമ്യൂണിസ്റ്റ് ആചാര്യന്റെ കഥ ആയിരുന്നു അത്. ഒപ്പം അപ്പ മേസ്തിരി എന്ന വടക്കേ മലബാറുകാരനായ ഒരു സാധാരണ തൊഴിലാളിയുടെ കഥ കൂടിയായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗപൂര്‍ണവും സംഘര്‍ഷ ഭരിതവുമായ ചരിത്രമായിരുന്നു. അതുമാത്രമല്ല, ലോകത്തെവിടെയുമുള്ള കമ്യുണിസ്റ്റ് സഖാക്കളുടെ കഥയായിരുന്നു. അത് തിരിച്ചറിയാന്‍ അടിമുടി ഇടതുപക്ഷക്കാരനായ മുരളിക്ക് കൂടുതലൊന്നും തലപുകയ്ക്കേണ്ടി വന്നില്ല. ‘ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കും’ എന്ന മുരളിയുടെ മറുപടി പ്രിയനന്ദനന് എന്ന സംവിധായകനെ മാത്രമല്ല സൃഷ്ടിച്ചത്. മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രത്തെയും സിനിമയെയും കൂടിയാണ്. മുരളിയുടെ അഭിനയ ജീവിതത്തിലെ പൊന്‍തൂവലായി ‘നെയ്ത്തുകാരന്’ എന്ന സിനിമയും അപ്പ മേസ്തിരി എന്ന വയോധികനായ കമ്യൂണിസ്റ്റ് കഥാപാത്രവും മാറി.
‘കലയിലൂടെ അലഞ്ഞ ഒരാള്‍ക്കേ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ…’ ‘നെയ്ത്തുകാര’നില് അഭിനയിക്കാനുള്ള മുരളിയുടെ തീരുമാനത്തെ കുറിച്ച് സംവിധായകന് പ്രിയനന്ദനന് പറഞ്ഞത് ഇങ്ങനെയാണ്. സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ വി. എച്ച്. ദിരാരുടെ കയ്യില്‍ നിന്നും അയ്യായിരം രൂപ കടം വാങ്ങി മുരളിക്ക് അഡ്വാന്‍സ് നല്കി പ്രിയനന്ദനന് നെയ്ത്തുകാരന് തുടക്കമിട്ടു. മുഖ്യധാര സിനിമകളില്‍ കത്തിനില്‍ക്കുന്ന സമയത്താണ് തുച്ഛമായ പ്രതിഫലം വാങ്ങി മുരളി ഒരു നവാഗതന് ഡേറ്റ് നല്‍കുന്നത്.
എന്‍ ശശിധരന്
2001ല്‍ നിര്‍മ്മിക്കപ്പെട്ട രണ്ടു സിനിമകളാണ് ടിവി ചന്ദ്രന് സംവിധാനം ചെയ്ത ‘ഡാനി’യും പ്രിയനന്ദനന്റെ ‘നെയ്ത്തുകാരനും’. സംസ്ഥാനത്തിന്റെ തെക്കും വടക്കുമായി ഒരേ കാലഘട്ടത്തില്‍ ജീവിച്ച രണ്ട് മനുഷ്യരുടെ ജീവിതം പറഞ്ഞു എന്നത് മാത്രമല്ല ഈ സിനിമകള്‍ തമ്മിലുള്ള സാദൃശ്യം. രണ്ടു സിനിമയിലും ഇ എം എസ് കടന്നുവരുന്നുണ്ട് എന്നതുകൂടിയാണ്. ”ഇ എം എസ് മരണപ്പെട്ട അപരാഹ്നത്തിനും എ. ബി വാജ്പേയ് ഗവണ്മെന്റ് അധികാരത്തിലേറിയ സായാഹ്നത്തിനും” ഇടയില്‍ എപ്പോഴോ ആണ് ഡാനിയെ ഭാര്യയും മകനും കൂടി ഹൃദ്രോഗം ആരോപിച്ച് വൃദ്ധസദനത്തിലാക്കുന്നത്. ഇതേ സമയത്ത് തന്നെയാണ് തിരക്കഥാകൃത്ത് എന്‍. ശശിധരന്റെ മനസില്‍ ‘നെയ്ത്തുകാര’ന്റെ ബീജം പൊട്ടിമുളയ്ക്കുന്നതും. അതിനെ കുറിച്ച് എന്‍ ശശിധരന് പറയുന്നു,
‘ഐ വി ദാസന് മാഷുടെ മകന് ഐ വി ബാബുവിന്റെ കല്യാണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇ. എം. എസിന്റെ മരണ വാര്‍ത്ത ഞാന്‍ അറിയുന്നതു. പെട്ടെന്നു എല്ലാവരും നിശബ്ദമായി. ആരും ഒന്നും പരസ്പരം സംസാരിക്കുന്നില്ല. പാനൂരില്‍ നിന്നും ബസില്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ ടൌണില്‍ ആകപ്പാടെ തിരക്കായിരുന്നു. പിറ്റേന്നത്തെ ഹര്‍ത്താലിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും…’
മുരളി
മുരളി
ആരാണ് അപ്പ മേസ്തിരി?
ഒരു വടക്കേ മലബാര്‍ ഗ്രാമത്തിലെ പഴയ കമ്മ്യൂണിസ്റ്റുകാരനാണ് അപ്പ മേസ്തിരി. പ്രായാധിക്യം കൊണ്ട് സുഖമില്ലാതെ ഇരിക്കയാണ്. പരസ്യ നിര്‍മ്മാണ കമ്പനി നടത്തുന്ന ജോഷിയാണ് (വിജയരാഘവന്) മേസ്തിരിയുടെ മകന്. മുന്‍ നക്സലൈറ്റ് ആയ ജോഷി ഇപ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. മുതലാളിത്തത്തിന്റെ വിപണി യുക്തിയിലാണ് അയാള്‍ കാര്യങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെ അപ്പ മേസ്തിരിയുടെ കമ്യൂണിസ്റ്റ് സെന്റിമെന്റ്സിനൊന്നും അയാള്‍ ചെവികൊടുക്കുന്നില്ല. അയാളുടെ ഭാര്യ (സോന നായര്‍) മാത്രമാണ് അപ്പ മേസ്തിരിയെ അല്‍പ്പമെങ്കിലും മനസിലാക്കുന്നത്. ജോഷിയുടെ മക്കളാകട്ടെ പാശ്ചാത്യ സംഗീതവും ഫാഷന്‍ ടിവിയും ആസ്വദിക്കുന്ന പുതുതലമുറയുടെ പ്രതീകങ്ങളാണ്. .
ഇ.എം.എസ്സിന്റെ മരണവാര്‍ത്ത റേഡിയോയില്‍ നിന്നും മനസിലാക്കുന്ന അപ്പ മേസ്തിരി പഴയ ഓര്‍മ്മകളിലേക്ക് പോവുകയാണ്.
ഇ എം എസ്
ഇ.എം.എസ്സിന്റെ മരണം അയാളില്‍ വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഇ.എം.എസ് പ്രസംഗിക്കാന്‍ വന്നതും പ്രസംഗം കേള്‍ക്കാന്‍ മുന്വരിയില് തന്നെ ഇടം പിടിച്ചതും എല്ലാം അപ്പ മേസ്തിരി ഓര്‍ത്തെടുക്കുന്നു. എകെജിയെ ചുമലില്‍ ഏറ്റി കൈപ്പാട് കടത്തിയതും കൃഷ്ണപ്പിള്ളയെയും അയാള്‍ ഓര്‍ക്കുന്നുണ്ട്. പ്രക്ഷുബ്ദവും സാഹസികവുമായ ഒരു കാലഘട്ടത്തെ തന്നെ തന്റെ ഓര്‍മ്മകളിലൂടെ പുനഃസൃഷ്ടിക്കുകയാണ് അപ്പ മേസ്തിരി.
ആ ഓര്‍മ്മകളെ കുറിച്ച് അപ്പ മേസ്തിരി പറയുന്നതു ഇങ്ങനെയാണ്. ‘ഓര്‍മ്മകള്‍ ഇങ്ങനെ വരികയാ.. മലവെള്ളം പോലെ. ഞാനതില്‍ കഴുത്തോളം മുങ്ങി. എനക്ക് ശ്വാസം കിട്ടുന്നില്ല. എനക്കതുമ്മല് ഒരു പിടിയും ഇല്ലാത്തതുപോലെ. ഓര്‍മ്മിച്ചോര്‍മ്മിച്ച് നെഞ്ചില്‍ കൊള്ളാതെ ഇപ്പോള്‍ പൊട്ടിപ്പോകുമെന്ന് തോന്നും..’
ഇ.എം.എസ്സിന്റെ ശവസംസ്കാര ദിവസം അയാള്‍ നിരാഹാരം ഇരിക്കുന്നു. ഇ. എം. എസ്സിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട് തിരികെ മുറിയിലെത്തുന്ന അപ്പ മേസ്തിരിയും ലോകത്തോട് വിടവാങ്ങുകയാണ്.
”കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ ഇ. എം എസിനുള്ള പങ്ക് വളരെ വലുതാണ്. ചരിത്രത്തെ സൈദ്ധാന്തികമായി നെയ്തെടുത്ത ആളാണ് അദ്ദേഹം. അപ്പ മേസ്തിരിയെ പോലുള്ള തൊഴിലാളികള്‍ ഈ ചരിത്ര നെയ്ത്തിലെ ഇഴകളാണ്.” പ്രിയനന്ദനന് പറഞ്ഞു. വാക്കിനാണ് തോക്കിനേക്കാള്‍ ശക്തി എന്നു തന്റെ പ്രസംഗ വേദിക്ക് മുന്നില്‍ വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ച് തെളിയിച്ച ജനകീയ നേതാവാണ് ഇ എം എസ് എന്നും പ്രിയനന്ദനന് കൂട്ടിച്ചേര്‍ത്തു.
അപ്പ മേസ്തിരിയുടെ ഓര്‍മ്മകളോട് മകന്റെ ഭാര്യ മാത്രമാണു താദാത്മ്യപ്പെടുന്നത്. മറ്റെല്ലാവരും ഓര്‍മ്മകളെ/ചരിത്രത്തെ വിച്ഛേദിക്കാനാണ് ശ്രമിക്കുന്നതെന്ന് കാണാം. മറ്റൊരു ടി വി ചന്ദ്രന് സിനിമയായ ‘ഓര്‍മകളുണ്ടായിരിക്കണം’ ആഹ്വാനം ചെയ്യുന്നതുപോലെ ചരിത്രത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് നെയ്ത്തുകാരന് സംസാരിക്കുന്നത്.
‘എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛന് കണ്ണൂര്‍ ജില്ലയിലെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി നല്ല ബന്ധമായിരുന്നു. ചടയന്‍ ഗോവിന്ദന്, ഇരിക്കൂര്‍ എം എല്‍ എ ആയിരുന്ന ഇ. പി. കൃഷ്ണന് നമ്പ്യാര്‍ തുടങ്ങിയവര്‍ അതില്‍ ചിലരാണ്. അവരെല്ലാവരും വീട്ടില്‍ വരുമായിരുന്നു. ലോകമെമ്പാടും നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുക. സോവിയറ്റ് യൂണിയന് വലിയ ആവേശമായിരുന്നു എല്ലാവര്ക്കും. പാട്രിസ് ലൂമൂംബ വെടിയേറ്റ് മരിച്ചപ്പോള്‍ അച്ഛന് പട്ടിണികിടന്ന കാര്യം എനിക്കോര്‍മ്മയുണ്ട്.’ അപ്പ മേസ്രി എന്ന കഥാപാത്രം രൂപപ്പെട്ടതെങ്ങനെ എന്നതിനെ കുറിച്ച് എന്‍. ശശിധരന് വിശദീകരിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പ്രത്യയ ശാസ്ത്രത്തെയും അതിന്റെ നേതാക്കളെയും നെഞ്ചില്‍ കൊണ്ട് നടന്ന ഒരു തലമുറയെ ആണ് എന്‍ ശശിധരന് തന്റെ പിതാവിലും അപ്പ മേസ്തിരിയിലും കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഓര്‍മ്മകളിലാണ് അവരൊക്കെ ജീവിക്കുന്നതു. അത് ഈ നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണ്.
ആദ്യമെഴുതിയത് നാടകമായി
നെയ്ത്തുകാരന് ആദ്യം എഴുതിയത് നാടക രൂപത്തിലാണെന്ന് ശശിധരന് പറഞ്ഞു. അപ്പ മേസ്തിരിയായി ബാബു അന്നൂരിനെയും മേസ്തിരിയുടെ മകന്റെ ഭാര്യയായി രജിത മധുവിനെയും അഭിനയിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രിയനന്ദനന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശശിധരന് അത് തിരക്കഥയായി എഴുതാന്‍ സമ്മതിക്കുന്നത്.’ബഷീറിന്റെ ‘പ്രേമലേഖനം’ നാടകമായി ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ അന്നൂരില്‍
എത്തിയത്. നാടകം കഴിഞ്ഞു ബാബു അന്നൂരിന്റെ വീടിന്റെ ഉമ്മറത്തിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി അടുത്ത നാടകം ഞാനെഴുതും എന്നു ശശി മാഷ് ബാബു അന്നൂരിനോട് പറഞ്ഞു. അത് നെയ്ത്തുകാരന് ആയിരിക്കുമെന്ന് ഞങ്ങള്‍ക്കാര്‍ക്കും ആ നിമിഷം വരെ അറിയില്ലായിരുന്നു.’
പിന്നീട് ‘നെയ്ത്തുകാരന്’ എന്ന നാടകത്തില്‍ പ്രവര്‍ത്തിക്കാനായി പ്രിയനന്ദന് വീണ്ടും അന്നൂരെത്തുകയാണ്. മണിലാല്‍ സംവിധാനം ചെയ്ത ‘പച്ചക്കുതിര’ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുകയായിരുന്നു പ്രിയനന്ദന് അപ്പോള്‍. അന്നൂരില്‍ നിന്നും സിനിമാ ചിത്രീകരണത്തിനായി തിരിച്ചെത്തിയ പ്രിയനന്ദനന് ‘പച്ചക്കുതിര’യുടെ നിര്‍മ്മാതാവിനോട് ‘നെയ്ത്തുകാര’ന്റെ കഥ പറയുന്നതോടെയാണ് മലയാള സിനിമാ ചരിത്രത്തിലും നടന് മുരളിയുടെ അഭിനയ ജീവിതത്തിലും
മുരളി
പുതിയ അധ്യായം എഴുതി ചേര്‍ത്ത ഒരു രാഷ്ട്രീയ ചലചിത്രം പിറക്കുന്നത്.
മുരളിയും അപ്പ മേസ്തിരിയും
അസാധ്യമായ ഭയത്തോടെയാണ് താന്‍ നടന് മുരളിയെ കാണാന്‍ പോയതെന്ന് പ്രിയനന്ദനന് പറഞ്ഞു. എന്നാല്‍ സിനിമയുടെ ഓരോ പ്രതിസന്ധി ഘട്ടത്തിലും കൂടെ നില്ക്കുന്ന കലാകാരനെയാണ് മുരളിയിലൂടെ ഈ പുതുമുഖ സംവിധായകന് കിട്ടിയത്.
പ്രഖ്യാപിച്ചതുപോലെ തന്നെ പ്രിയനന്ദനന്റെ ചലച്ചിത്ര രംഗത്തെ ഗുരുവും സംവിധായകനുമായ കെ. ആര്. മോഹനന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു ഷൂട്ടിംഗ് ആരംഭിച്ചു.
പ്രിയനന്ദനന്റെ ചലച്ചിത്ര രംഗത്തെ ഗുരുവും സംവിധായകനുമായ കെ. ആര്. മോഹനന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിക്കുന്നു
എന്നാല്‍ നിര്‍മ്മാതാവ് സ്ഥലത്തു എത്തിയില്ല. അതോടെ ചിത്രത്തിന്റെ തുടര്‍ ചിത്രീകരണം പ്രതിസന്ധിയിലായി. ഒരു ദിവസം പിടിച്ചുനിന്നു. മുരളിയേട്ടനോട് എന്തു പറയും എന്ന ആശങ്കയില്‍ പ്രിയനന്ദനന് തൃശൂര്‍ രാമനിലയത്തില്‍ എത്തി. നിര്‍മ്മാതാവ് വഞ്ചിച്ച കാര്യം പറഞ്ഞു. എന്നാല്‍ മുരളിയേട്ടന് കൂടെനില്ക്കുകയാണെങ്കില് ഈ സിനിമയുമായി താന്‍ മുന്നോട്ട് പോകുമെന്ന പ്രിയനന്ദനന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത ആ മഹാനടന് തിരിച്ചറിഞ്ഞു. കൂടെ ഉണ്ടാകും എന്ന ഉറപ്പ് മുരളി നല്‍കിയതിനെ പ്രിയനന്ദനന് ഇങ്ങനെ വിശദീകരിച്ചു ‘ നാടകക്കാരനായി ജീവിച്ചതിന്റെ, അതിന്റെ വേദന അറിഞ്ഞതിന്റ്റെ, സമൂഹത്തെ അറിഞ്ഞതിന്റെ ഉറപ്പായിരുന്നു അത്.’
ജോണും നെയ്ത്തുകാരനും
ജോണ്‍ എബ്രഹാമിന്റെ ‘അമ്മയറിയാന്‍’ താന്‍ തെരുവില്‍ കണ്ടിട്ടുണ്ടെന്ന് പ്രിയനന്ദനന് പറഞ്ഞു. ‘സാധാരണക്കാരില്‍ നിന്നും സംഭാവനയായി പിരിച്ച പണം കൊണ്ട് സിനിമ എടുത്തയാളാണ് ജോണ്‍. അതുകൊണ്ടാണ് അദ്ദേഹം സിനിമ തെരുവില്‍ പ്രദര്‍ശിപ്പിച്ചത്. ജോണ്‍ നല്കിയ ഊര്‍ജ്ജമാണ്
ജോണ്‍ എബ്രഹാം
നെയ്ത്തുകാരന് എന്ന സിനിമയുടെ ടിക്കറ്റ് വീടുകള്‍ തോറും കയറിയിറങ്ങി വില്ക്കാന് എനിക്കു സാധിച്ചത്. ജോണ്‍ തുറന്ന വഴിയാണത്. ‘ഒരു പോസ്റ്റര്‍ പോലും അച്ചടിച്ചു ഒട്ടിക്കാതെയാണ് 2001 നവംബര്‍ 9നു തൃശൂര്‍ ശ്രീ തിയറ്ററില്‍ നെയ്ത്തുകാരന് പ്രദര്‍ശിപ്പിച്ചത്. രാഷ്ട്രീയ ഭേദമന്യേ നിരവധി പേര് ഇതിന് പിന്നില്‍ കഠിനമായി അദ്ധ്വാനിച്ചു.’
പ്രിയനന്ദനന് എന്ന സംവിധായകന്
ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി കരുവന്നൂര്‍ രാജാ പൊട്ടറീസില് രണ്ടു രൂപ അന്‍പത് പൈസയ്ക്ക് കപ്പും സോസറും ഉണ്ടാക്കുന്ന പണിക്കു പോയ ആളാണ് തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ പ്രിയനന്ദനന്. പിന്നീട് സ്വര്‍ണ്ണപ്പണി പരിശീലിച്ചു.
അക്കാലയളവില്‍ നാട്ടിലെ നാടകസംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിയെകുറിച്ച് മനസ്സിലാക്കുകയും നാടകസംവിധാനം ആരംഭിക്കുകയും ചെയ്തു. ആ കാലത്ത് പ്രിയന് വല്ലച്ചിറ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യാദൃച്ഛികമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം സിനിമയില്‍ സജീവമായി. പി ടി കുഞ്ഞുമുഹമ്മദ്, കെ ആര് മോഹനന്, മണിലാല്‍ എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണ് ചലച്ചിത്രരംഗത്തേക്കു വരുന്നത്.
പ്രിയനന്ദനന്
താന്‍ ചലച്ചിത്രകാരനായതിനെ കുറിച്ച് പ്രിയനന്ദനന് പറയുന്നു. ‘എന്റെ നാടാണ് എന്റെ പാഠശാല. അവിടത്തെ ലൈബ്രറി, നാടകം, പിന്നെ വില്ലടിച്ചാന്‍ പാട്ട് പാടുന്നവര്‍… ഇങ്ങനെ നിരവധി പേരിലൂടെ രൂപപ്പെട്ടതാണ് ഞാന്‍. സിനിമാ സംവിധായകനായത് എനിക്കു ഒറ്റയ്ക്ക് സംഭവിച്ചതല്ല. ആ പാഠശാലയില്‍ പെട്ട ഏതൊരാള്‍ക്കും സിനിമയുണ്ടാക്കാന്‍ പറ്റും.
നെയ്ത്തുകാരനു ശേഷം പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, പാതിരാ കാലം, സൈലന്‍സര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യുരുവി’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ പ്രിയന്.
അവാര്‍ഡുകള്‍
‘നെയ്ത്തുകാരന്’ എന്ന സിനിമ പ്രിയനന്ദനന്റെയും മുരളിയുടെയും ചലച്ചിത്ര ജീവിതത്തിലെ സുവര്‍ണ്ണ അദ്ധ്യായമായി മാറിയത് ചരിത്രം. 2001 ലെ കേരള സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി മുരളി തിരഞ്ഞെടുക്കപ്പെട്ടു. പ്രിയനന്ദനന് നവാഗത സംവിധായകനുള്ള അവാര്‍ഡും സോന നായര്‍ക്ക് മികച്ച സഹ നടിക്കുള്ള അവാര്‍ഡും ലഭിച്ചു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളിക്ക് ലഭിച്ചത് സത്യസന്ധമായ ചലച്ചിത്ര പ്രവര്‍ത്തനത്തിനുള്ള അര്‍ഹിച്ച അംഗീകാരമായി. പിന്നീട് എന്‍ ശശിധരനും എന്‍ പ്രഭാകരനും തിരക്കഥ രചിച്ച ‘പുലിജന്മ’ത്തിലൂടെ പ്രിയനന്ദനന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മുരളി തന്നെയായിരുന്നു ഈ ചിത്രത്തിലെയും നായകന്.